ശബരിമല ദർശനത്തിന് പന്പയിലെത്തിയ മനിതി വനിതാ സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകില്ലെന്ന് പോലീസ്. സന്നിധാനത്ത് തിരക്ക് അനിയന്ത്രിതമായതിനാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തീർഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നുമാണ് പോലീസിന്റെ നിലപാട്.
എന്നാൽ മനിതി സംഘത്തോട് തിരിച്ചു പോകാൻ പോലീസ് ആവശ്യപ്പെടില്ല. ഇവർ സ്വയം മടങ്ങിപ്പോകുന്നതുവരെ കാത്തിരിക്കാനാണ് പോലീസിന്റെ ശ്രമം. അതേസമയം, സുരക്ഷ ഒരുക്കാനാവില്ലെന്ന് പോലീസ് നേരിട്ട് അറിയിച്ചാൽ തങ്ങൾ തിരിച്ചു പോകാമെന്ന് മനിതി സംഘം അറിയിച്ചു.
ഇക്കാര്യത്തിൽ പോലീസ് ഔദ്യോഗികമായി തീരുമാനം അറിയിക്കണമെന്നും ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മനിതി സംഘം നേതാവ് സെൽവി അറിയിച്ചു.