കല്‍പ്പറ്റ: പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് മെഡിക്കൾ കോളജിൽ അമ്മയുടെ പ്രസവത്തിനു കൂട്ടിരിക്കാൻ വന്നതായിരുന്നു പെൺകുട്ടി. അവിടെവച്ചാണ് ഇയാള്‍ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്.
മണിവണ്ണന് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവരുടെ കിടക്കയ്ക്ക് അരികിൽ തന്നെയാണ് പെൺകുട്ടിയുടെ അമ്മയും കിടന്നിരുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലായി. ഈ പരിചയം മുതലെടുത്താണ് ആശുപത്രിയില്‍ വച്ച് ഇയാൾ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സംഭവം. പെൺകുട്ടി ഗർഭിണി ആണെന്നറിഞ്ഞ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞത്.
പ്രതിക്കെതിരേ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം.അബ്ദുൽ കരിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.