കോന്നി: ആനക്കഥകളിലെ പ്രധാന കഥാപാത്രമായിരുന്നു താപ്പാന മണിയൻ. ഇന്ന് കേരളത്തിലെ പേരുകേട്ട ഒട്ടനവധി കൊന്പൻമാരെയും പിടിയാനകളെയും ആനക്കൊട്ടിലിൽ എത്തിച്ച കോന്നി ആനക്കൂടിന്റെ കാവൽഭടൻ.
കാഴ്ചയിലെ അഴകും ലക്ഷണത്തികവും തലയെടുപ്പുമുള്ള കൊന്പനായിരുന്നു മണിയൻ. 1964 ഏപ്രിൽ പതിമൂന്നിനാണ് തേക്കുതോട് കൊപ്രമലയിൽനിന്ന് മണിയനെ പിടികൂടിയത്. അന്ന് ഇരുപത് വയസുണ്ടായിരുന്നു.
തുടർന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ച് താപ്പാനപരിശീലനം പൂർത്തിയാക്കി.
അന്നു രണ്ടാം നിരയിൽപ്പെട്ട മണിയനെ കൂപ്പിലെ പണികൾക്കും മറ്റുമായി 1976ൽ ആര്യങ്കാവിലേക്ക് കൊണ്ടുപോയി.പെൻഷൻ പറ്റിയതോടെ കോട്ടൂരും പിന്നീട് കോടനാട് ആനക്കളരിയിലും എത്തിച്ചു.
വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനകൾക്ക് 65 വയസുവരെയാണ് പണികൾ ചെയ്യേണ്ടി വരിക. പിന്നീട് വിശ്രമമാണ.് ഇ ക്കാലയളവിൽ സുഖചികിത്സയും നല്ല ഭക്ഷണവും വ്യായമവും ഒരുക്കണെന്നാണ് വ്യവസ്ഥ.
പെൻഷൻ കാലയളവിലായിരുന്നെങ്കിലും കാടിറങ്ങുന്ന കാട്ടാനകളെ മടക്കി അയയ്ക്കാൻ ഇവയെ ഉപയോഗിക്കാറുണ്ട്. രണ്ടു വർഷം മുന്പ് മൂന്നാറിൽ കാട്ടാന ഇറങ്ങിയപ്പോൾ തുരുത്തി ഓടിക്കാൻ കോന്നിയിൽ നിന്ന് മണിയനെയും സോമനെയുമാണ് കൊണ്ടുപോയത്.
ആനത്താവളത്തിൽ എത്തുന്ന സഞ്ചാരികളുടെ മനം കവർന്ന തലയെടുപ്പുള്ള കൊന്പനായിരുന്നു മണിയൻ.
നീളമുള്ള കൊന്പായിരുന്നു പ്രത്യേകത. വളർച്ച കൂടിയ കൊന്പ് തീറ്റയെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതോടെ വനം വകുപ്പ് മുറിച്ചു മാറ്റിയിരുന്നു.
കുട്ടിക്കൊന്പൻ കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിന് തമിഴ്നാട്ടിലെ മുതുമലയിൽ കൊണ്ടുപോയപ്പോഴാണ് മണിയനെ കോന്നിയിലേക്ക് മടക്കിക്കൊണ്ടുവന്നത്.
കേരളത്തിൽ നിലവിലുള്ള താപ്പാനകളിൽ തലമുതിർന്ന മണിയനാണ് വിടവാങ്ങിയത്.