കെ.കെ.അർജുനൻ
തൃശൂർ: വോട്ടു ചെയ്യാൻ മണിയൻകിണർ പട്ടികവർഗം ഉൗരിലുള്ളവർക്ക് താത്പര്യമുണ്ട്. എന്നാൽ പത്തുകിലോമീറ്റർ നടന്നുവന്നാൽ മാത്രമേ ഇന്ത്യൻ പാർലമെന്റിലേക്ക് ആരെ അയക്കണം എന്ന നിശ്ചയിക്കാനുള്ള സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഇവർക്ക് കഴിയൂ. തൃശൂർ ജില്ലയിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ പാണഞ്ചേരി പഞ്ചായത്തിൽ പീച്ചി വില്ലേജിൽ പെട്ട മണിയൻ കിണർ എന്ന പട്ടിക വർഗ ഉൗരിൽ വികസനം ഇപ്പോഴും കിലോമീറ്ററുകൾ അകലെയാണ്.
ഇവിടെ 66 പട്ടിക വിഭാഗത്തിൽ പെട്ട കുടംബങ്ങളിലായി 260 പേരാണ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഴിയുന്നത്. തൃശൂർപാലക്കാട് റൂട്ടിൽ വാണിയംപാറ സെന്ററിൽ നിന്നും ഒന്പത് കിലോമീറ്റർ ദൂരത്തിലുള്ള ചെങ്കുത്തായ മലയും കുന്നും കാടും കടന്ന് വേണം മണിയംകിണർ എന്ന ഉൗരിൽ എത്താൻ. നല്ലൊരു ശൗചാലയം പോലും ഇവിടെയില്ല.കുടിയൊഴിപ്പിക്കൽ ഭീഷണിയും ഇവിടെ നിലനിൽക്കുന്നുണ്ട്.
തൊഴിൽരഹിതരായ നിരവധി പേരാണ് ഇവിടെയുള്ളത്. പട്ടിണിയും ദാരിദ്ര്യവും ഉൗരിലെ നിത്യസംഭവം. കൃഷിയിറക്കാമെന്ന് വെച്ചാൽ വന്യമൃഗങ്ങളുടെ ഭീഷണി മറ്റൊരു പ്രശ്നം. തങ്ങളുടെ പരന്പരാഗതമായ സംസ്കാരത്തെയും ജീവിതരീതികളേയും കൈമോശം വരാതെ സൂക്ഷിക്കാൻ പാടുപെടുന്നവരാണ് ഇവർ. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ ജീവിതരീതിയിൽ നിന്ന് ഇവർ അകന്നുനിൽക്കുന്നതായി തോന്നാം.
കേന്ദ്രസംസ്ഥാന വിഹിതങ്ങളും മറ്റുമായി കോടികൾ ആദിവാസികളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നുണ്ടെന്നത് കണക്കുകൾ നിരത്തപ്പെടുന്പോഴാണ് നല്ലൊരു കൂരയോ മരിച്ചാൽ അടക്കാൻ ആറടി മണ്ണോ ഇല്ലാതെ മണിയൻ കിണറിലെ ആദിവാസികൾ കഴിയുന്നത്. മലയൻ വിഭാഗത്തിൽ പെട്ടവരാണ് ഇവർ. കാട്ടിലും മലയിലും വൻമരങ്ങളിലുമൊക്കെയായി ഇവർ ജീവിതം കഴിച്ചുകൂട്ടുന്നു.
കാട്ടുതേൻ, ഒൗഷധമരുന്നുകൾ, മരമഞ്ഞൾ തുടങ്ങിയ വനവിഭവങ്ങൾ ശേഖരിച്ചും കാലിവളർത്തലിലൂടെയും ഇവർ തങ്ങളുടെ വരുമാനം കണ്ടെത്തുന്നു. കുടിയേറ്റ കർഷകരുടെ വരവോടെ വനത്തിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന കഥകളും ഇവർ പങ്കിടുന്നു. ഇവിടത്തെ വികസനത്തിന് വേണ്ടി വൻതുക ചെലവഴിച്ചുവെങ്കിലും പദ്ധതികളൊന്നും പൂർണതയിലെത്തിയിട്ടില്ല.
വാസയോഗ്യമായ വീടുകൾ എന്ന പദ്ധതി പ്രകാരം എട്ടുവർഷം മുന്പ് ആരംഭിച്ച വീട് നിർമാണം ഇതു വരെ പൂർത്തികരിച്ചിട്ടില്ല. അടച്ചുറപ്പുള്ള വാതിലുകൾ വീടുകൾക്കില്ല. മഴയും വെയിലും കൊണ്ട് വീടുകളുടെ ചുമരുകൾ വിണ്ടു കീറി. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളൊന്നുമില്ല. മുളകൊണ്ടും ചൂരൽ, ഓല എന്നിവ കൊണ്ടും മറച്ച് കുളിമുറികളാണ് ഇവർ ഉപയോഗിക്കുന്നത്.
വൈദ്യുതി ഇപ്പോഴും പലവീടുകളിലും എത്തിയിട്ടില്ല. കുടിവെള്ളപദ്ധതിയുടെ ഭാഗമായി ഒരു വാട്ടർടാങ്ക് ഉണ്ടെങ്കിലും മണ്ണിന്റെ ചുവയുള്ള കുടിവെള്ളമാണ് ഇവർക്ക് കുടിക്കാൻ കിട്ടുന്നതത്രെ. ഒരു മിനി കമ്യൂണിറ്റി ഹാളും വായനശാലയും അങ്കണവാണിയും ഉണ്ടെങ്കിലും ഇവിടേക്ക് വൈദ്യുതി ലഭിച്ചിട്ടില്ല. പഠനകേന്ദ്രമെന്ന നിലയിൽ തുടങ്ങിയ കമ്യൂണിറ്റി ഹാളിൽ ചിമ്മിനി വിളക്കിന്റെ വെട്ടത്തിലിരുന്നാണ് കുട്ടികൾ വായിക്കുന്നത്.
വാണിയന്പാറയിലുള്ള സ്കൂളിലെത്തണമെങ്കിൽ പത്ത് കിലോമീറ്റർ കാട്ടിലൂടെ നടക്കണം. ഇത്രയേറെ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളുമുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വിദ്യാഭ്യാസം നേടിയവരും ഇവിടെയുണ്ട്. രണ്ട് ബിഎ ബിരുദധാരികളും രണ്ടു ബിഎഡുകാരും ഒരു ബിരുദാനന്തരബിരുദധാരിയും അഞ്ച് പ്ലസ്ടുക്കാരും ഇവിടെയുണ്ട്.
മുൻവർഷങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയെന്നത് ഇവരുടെ പൊതു ശീലമായിരുന്നു. എന്നാൽ സമീപകാലങ്ങളിൽ അതിന് മാറ്റം വന്നു.
സമ്മതിദാനാവകാശം തങ്ങളുടെ അവകാശമാണെന്നും അത്് വിനിയോഗിക്കണമെന്നും പുതുതലമുറ മനസിലാക്കിയതോടെ അവർ വോട്ടിന്റെ വില തങ്ങൾക്കൊപ്പമുള്ളവർക്ക് പറഞ്ഞുകൊടുത്തു. ജില്ല കളക്ടറടക്കമുള്ളവരുടെ സജീവ ഇടപെടലും ഇവരെ പോളിംഗ്ബൂത്തിലേക്ക് എത്തിക്കാൻ പ്രേരിപ്പിച്ചു. പത്തുകിലോമീറ്റർ നടന്നാണെങ്കിലും പോയി വോട്ടു ചെയ്യാൻ ഇവർ ഇപ്പോൾ സന്നദ്ധരാണ്.
വോട്ടു ചോദിച്ചെത്തുന്ന സ്ഥാനാർഥികൾക്കും രാഷ്ട്രീയക്കാർക്കും മുന്നിൽ തങ്ങളുടെ പെടാപാടുകൾ ഇവർ അക്കമിട്ടു നിരത്തുന്പോൾ ഇപ്പൊ ശരിയാക്കാമെന്ന പതിവ് പല്ലവി മറുപടിയായി കിട്ടുന്നു. ഒന്നും ശരിയാകില്ലെന്ന തിരിച്ചറിവോടെ… തങ്ങൾക്കൊരുപാട് പ്രശ്നങ്ങളുണ്ടെങ്കിലും ഇല്ലായ്മകളുണ്ടെങ്കിലും പൊതുസമൂഹം അനുഭവിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെങ്കിലും അതിനെയെല്ലാം മന:പൂർവം മറന്ന് അവർ വോട്ടുകുത്താനെത്തുന്പോൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകുന്നവർക്കെതിരെ ശക്തമായ മാതൃകയാവുകയാണ് അക്ഷരാഭ്യാസം പോലുമില്ലാത്ത ഇവർ.