തിരുവനന്തപുരം: ഐഎഫ്എഫ്കെയില് ദേശീയഗാനത്തോട് അനാദരവ് കാട്ടിയവരെ ജാമ്യത്തില്‍ വിട്ടതുപോലും തെറ്റെന്ന് നടന് മണിയന്‍പിളള രാജു. എന്തോ നേടിയെന്ന അഹങ്കാരമാണ് ഇവര്‍ക്കെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്കെയില് എല്ലാവര്‍ഷവും പങ്കെടുക്കാറുണ്ടെന്നും കമലിന്റെ നേതൃത്വത്തില്‍ മികച്ച സംഘാടനമാണ് നടത്തുന്നതെന്നും മണിയന്‍പിള്ള പറഞ്ഞു.
സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കുമ്പോള്‍ മൂന്നുനാല് ആളുകള്‍ മനഃപൂര്‍വം സീറ്റില്‍ തന്നെയിരിക്കുന്നത് ശരിയായ നടപടിയല്ല. അന്യനാട്ടില്‍ പോയാല്‍ പട്ടിയെപ്പോലെ എല്ലാം അനുസരിക്കുകയും സ്വന്തം രാജ്യത്ത് ദേശീയഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സംസാരം പോലുമില്ലാത്ത ഇഴച്ചിലുള്ള ചില സിനിമകള്‍ ഇവര്‍ രണ്ടുമണിക്കൂറോളം ആസ്വദിച്ചിരുന്ന് കാണും. അതേ സമയംതന്നെ ദേശീയഗാനത്തിന്റെ 58 സെക്കന്റ് ഒന്ന് എഴുന്നേറ്റ് നില്ക്കാന് ഇവരുടെ അഹങ്കാരം അനുവദിക്കുന്നില്ലെന്നും മണിയന്‍പിള്ള പറയുന്നു. ഇവരെ ജാമ്യത്തില്പ്പോലും വിടരുത്. സൗദിയില്‍ ഒക്കെ ആയിരുന്നെങ്കില്‍ ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനമായേനെ. വിദേശികളടക്കം എഴുന്നേറ്റ് നില്ക്കുന്നു. പിന്നെ നമ്മുടെ ആളുകള്ക്കെന്താണ് കുഴപ്പമെന്നും മണിയന് പിളള രാജു ചോദിക്കുന്നു.