ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന കാലത്തെ സംഭവമാണ്. ആ സമയത്ത് അപ്പുറത്തെ മുറിയില്‍ ഹനീഫയുണ്ട്.
അന്ന് പൈസ ഇല്ലാത്തു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ചന്ദ്രമോഹന് ഹോട്ടലില്‍ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു.
ഒരിക്കല്‍ എനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹന് ഹോട്ടല്‍ അടച്ചിട്ട സമയം വന്നു. കൈയില്‍ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാന്‍ വയ്യ.
ഹനീഫയുടെ അടുത്തുചെന്നു ചോദിച്ചു, ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ ഭക്ഷണം കഴിക്കാനാണെന്ന്. ഹനീഫ ഒരു ഖുര്‍ആന്റെ അകത്തുനിന്നു പത്തു രൂപ എടുത്ത് തന്നു.
ഞാന്‍ പോയി ഭക്ഷണം കഴിച്ച് വന്നു. ഉച്ചഭക്ഷണം കഴിച്ച് തിരിച്ചു വന്നപ്പൊഴും ഹനീഫ അവിടെയുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നില്ലേ എന്ന് ഹനീഫയോട് ചോദിച്ചു.
ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്നു പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും ചോദിച്ചു, ഒന്നും കഴിച്ചില്ലേന്ന്.
ഇല്ലെടാ, എന്റെ കൈയില്‍ അവസാനം ഉണ്ടായിരുന്ന പത്തു രൂപയാണ് ഞാന്‍ തനിക്ക് എടുത്തുതന്നത് എന്നാണ് അന്ന് ഹനീഫ പറഞ്ഞത്. അങ്ങനെയൊരാള്‍ മരിക്കുമ്പോള്‍ കരയാതിരിക്കാനാവുമോ. -മണിയൻ പിള്ള രാജു