മണിയൻപിള്ള രാജുവിനെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മകനും നടനുമായ നിരഞ്ജ്.
കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് മണിയൻപിള്ള രാജു 18 ദിവസത്തോളം ആശുപത്രിയിലായിരുന്നു. നിലവിൽ അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്.
എന്നാൽ ഈ വാർത്തകൾ വളച്ചൊടിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു.
രോഗമുക്തി നേടിയ രാജു, നിലവിൽ അസുഖബാധിതനാണെന്ന തരത്തിലും ചില വാർത്തകൾ എത്തിയിരുന്നു. ഇതോടെയാണ് താരത്തിന്റെ മകൻ തന്നെ പ്രതികരണവുമായി ഫേസ്ബുക്കിൽ എത്തിയത്.
‘എന്റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു’ എന്നാണ് നിരഞ്ജ് ഫേസ്ബുക്കിൽ കുറിച്ചത്.
കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് ചികിത്സയിലിരുന്ന മണിയൻപിള്ള രാജു മാർച്ച് 25-നാണ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയത്. ഇതിന് ശേഷം വോട്ട് ചെയ്യാനും എത്തിയിരുന്നു.