തന്റെ വിവാഹവുമായി ബന്ധപ്പെട്ടു ഒരു രസകരമായ സംഭവം നടൻ മണിയൻ പിള്ള രാജു വെളിപ്പെടുത്തിയത് വൈറലായിരിക്കുകയാണ്. ഒരഭിമുഖത്തിലാണ് മണിയൻ പിള്ള രാജു ഇക്കാര്യം പറഞ്ഞത്. ഭാര്യാപിതാവ് തനിക്ക് പെണ്ണു തരാൻ ആദ്യം വിസമ്മതിച്ചുവെന്നാണ് നടൻ പറയുന്നത്.
മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ ഇങ്ങനെ… മണി എന്ന എന്റെ കൂട്ടുകാരനൊപ്പം പോയപ്പോള്‍, കൊല്ലത്ത് അയാളുടെ വീട്ടില്‍ ഇറങ്ങി. അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ വയലറ്റ് ബ്ലൗസും പാവാടയുമിട്ട് ഒരു പെണ്‍കുട്ടി പോകുന്നു.
മണി കൊള്ളാല്ലോ, നന്നായിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ഇന്ദിരയുടെ അച്ഛന് പറഞ്ഞു, സിനിമാക്കാര്‍ക്ക് ഒന്നും കൊടുക്കില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച ആകെയുള്ള മകളാണ്.
അവളെ സിനിമാക്കാരന് കെട്ടിച്ചു കൊടുത്താല്‍ എനിക്ക് കുടുംബത്ത് നില്ക്കാന് പറ്റില്ലെന്ന്.അങ്ങനെയിരിക്കുമ്പോള്‍ അറിയാത്ത വീഥികള്‍ എന്ന എന്റെ പടം അവിടെ വന്നു.
കെ സേതുമാധവന് സാര്‍ സംവിധാനം ചെയ്തതാണ്. അതില്‍ മധു സാർ ജഡ്ജി, മകനായിട്ട് ഞാന്‍. ഡ്രൈവര്‍ ആയി മോഹന്‍ലാലും. അടുത്ത വീട്ടിലെ സവിത എന്ന പെണ്ണിനെ ഞാന്‍ കേറിപ്പിടിക്കുമ്പോള്‍ മോഹന്‍ലാല്‍ വരുന്നുണ്ട്.
അവിടെ നടന്ന അടിപിടിക്കിടയില്‍ സവിത മരിച്ചു, ആ കൊലക്കുറ്റം മോഹന്‍ലാലിന്റെ പേരിലുമായി. എന്നെ രക്ഷിക്കാന്‍ വേണ്ടി മോഹന്‍ലാല്‍ അത് സ്വയം ഏറ്റെടുക്കുകയായിരുന്നു.
എന്നെ രക്ഷിക്കുകയും മോഹന്‍ലാലിനെ തൂക്കി കൊല്ലുകയും ചെയ്യുന്നുണ്ട്. ഞാന്‍ പിന്നെ വെള്ളമടിച്ച് അത് ചെയ്തത് താനാണെന്ന് പറയുന്നുണ്ട്.
ഇത് കണ്ടിട്ട് ഇന്ദിരയുടെ അച്ഛന് പറഞ്ഞു, ഇവനാണോ കെട്ടാന്‍ പോകുന്നത്, ഒന്നും ചെയ്യാത്ത മോഹന്‍ലാലിനെ തൂക്കി കൊല്ലാന്‍ പറഞ്ഞിട്ട് ഇവന് ഇവിടെ കല്യാണം ആലോചിച്ച് വന്നേക്കുന്നു എന്ന്.
പിന്നെ കുറേ ദിവസം കഴിഞ്ഞ് അവരുടെ വല്യച്ഛന്റെ മകന് ചെന്നിട്ട്, അങ്ങനെയല്ല രാജു നല്ല പയ്യനാണ് എന്നൊക്കെ പറഞ്ഞു. എന്തോ ഭാഗ്യത്തിന് ഇന്ദിരയെ വിവാഹം കഴിക്കാനായി -മണിയൻ പിള്ള രാജു പറഞ്ഞു. -പിജി