മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു മോനിഷ. കാറപകടത്തിന്റെ രൂപത്തില്‍ കരിയറിന്റെ തുടക്കത്തിലെ ഈ ലോകം വിട്ടുപോയെങ്കിലും ഇപ്പോഴും ആ ഇഷ്ടം മലയാളികള്‍ പ്രകടിപ്പിക്കാറുണ്ട്. മോഹന്‍ലാലും മണിയന്‍പിള്ള രാജുവുമൊക്കെ മോനിഷയുമായി നല്ല സൗഹൃദമുള്ള വ്യക്തികളായിരുന്നു. അടുത്തിടെ ഒരു വാരികയില്‍ മണിയന്‍പിള്ള രാജു മോനിഷയെക്കുറിച്ച് ഓര്‍ത്തെടുത്ത ഒരു സംഭവം ഇങ്ങനെ-
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും ഉണ്ടായിരുന്നു. മദ്രാസില്‍ എത്തിയാല്‍ രാജു സ്ഥിരം തമസിക്കുന്നതു പാംഗ്രോ ഹോട്ടലിലെ 504ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് ആ റും ഒഴിവില്ലാത്തതിനാല്‍ 505 ലാണു താമസിച്ചത്.
വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാന്‍ കിടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരോ കാലില്‍ തൊട്ടുനോക്കുന്നതായി രാജുവിനു തോന്നി. തല ഉയര്‍ത്തി നോക്കുമ്പോള്‍ അതാ മുമ്പില്‍ മോനിഷ നില്ക്കുന്നു. തിളങ്ങുന്ന വലിയൊരു ലാച്ചയും അതിനു ചേരുന്ന കറുത്ത ടോപ്പും അതില്‍ സ്വര്‍ണ്ണ നിറത്തില്‍ ഡിസൈന്‍ ചെയ്ത വലിയൊരു പൂവും, ഇതായിരുന്നു മോനിഷയുടെ വേഷം. രാജു അന്നോളം കാണാത്ത വേഷത്തിലായിരുന്നു മോനിഷ മുന്നില്‍ വന്നത്. അമ്മ വരാന്‍ വൈകും അതുകൊണ്ടു രാജുവേട്ടനോടു സംസാരിച്ചിരിക്കാം എന്നു കരുതി വന്നതാണെന്നും മോനിഷ പഞ്ഞു. ഓ അതിനെന്താ എന്നു മണിയന്‍പിള്ള രാജുവും പറഞ്ഞു.
എന്നാല്‍ രാജു പെട്ടന്നു ഞെട്ടിയുണര്‍ന്നപ്പോള്‍ മോനിഷയെ കാണാനില്ല. മോനിഷ മരിച്ചിട്ട് രണ്ട് വര്‍ഷം ആയിരുന്നു. അന്നു രാത്രിയില്‍ രാജുവിന് ഉറക്കം വന്നില്ല. പിറ്റേ ദിവസം തനിക്കുണ്ടായ അനുഭവം മോഹന്‍ലാലിനൊടും പ്രിയദര്‍ശനോടും പങ്കുവെച്ചു. കമലദളത്തിന്റെ ഫങ്ഷനു വേണ്ടി മദ്രാസില്‍ വന്നപ്പോള്‍ മോനിഷയും അമ്മയും താമസിച്ചിരുന്നത് റും നമ്പര്‍ 505 ലായിരുന്നു. രാജു സ്വപ്നത്തില്‍ കണ്ട അതേ വേഷമായിരുന്നു അന്നു മോനിഷ ധരിച്ചിരുന്നത്.