മണിയൻപിള്ള രാജു ഒരു കഥ കേട്ടു ഇഷ്ടപ്പെട്ടു സിനിമയാക്കിയാൽ അതു വിജയിച്ചിരിക്കും. പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കും. മണിയൻപിള്ള രാജു പ്രേക്ഷകരെയും പ്രേക്ഷകർ രാജുവിനെയും ചതിക്കാറില്ലെന്നാണ് പൊതുവേ സിനിമമേഖലയിലെ സംസാരം. ഇതു തുറന്നു പറയുന്ന പ്രകൃതക്കാരാനാണ് അദേഹവും.
പ്രേക്ഷകർ തന്നെ ഒരിക്കലും ചതിക്കില്ലെന്നും മണിയൻപിള്ള തുറന്നു പറയുന്നു. ഇന്നുവരെയുള്ള ചരിത്രമാണിത്. ഏയ് ഓട്ടോ, ഛോട്ടാ മുംബൈ, അനശ്വരം, വെള്ളാനകളുടെ നാട് തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ നിർമാണത്തിൽ വിരിഞ്ഞപ്പോൾ പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. 1988 മുതൽ നിർമാണ രംഗത്തുള്ള അദേഹത്തിന്റെ ഓണത്തിനുള്ള സമ്മാനമാണ് ഫൈനൽസ്.
സൂപ്പർതാരങ്ങളുടെയും അല്ലാതെയും ധാരാളം സിനിമകൾ നിർമിച്ച നടൻകൂടിയായ മണിയൻപിള്ള രാജുവിന്റെ പുതിയ സിനിമ ഫൈനൽസ് തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടും അഭിനയമികവു കൊണ്ടും ഈ ചിത്രം ശ്രദ്ധ നേടുന്പോൾ മണിയൻപിള്ള രാജു മനസ് തുറക്കുകയാണ്.
സ്പോർട്സ് ചിത്രം?
ഇന്നുവരെ സൂപ്പർതാരങ്ങളെ വച്ചാണ് സിനിമ എടുത്തിരുന്നെങ്കിൽ പുതിയ പടത്തിൽ ശക്തമായ കഥയെ സൂപ്പർതാരമാക്കി, സ്പോർട്സ് ചിത്രമാണ് എടുത്തിരിക്കുന്നത്. നായികയ്ക്കാണോ പ്രാധാന്യം എന്നു ചോദിച്ചാൽ അതൊരു സർപ്രൈസാണ്. മകൻ നിരഞ്ജ് മണിയൻപിള്ള രാജുവാണ് നായകൻ. നായിക രജീഷ വിജയൻ.
ഇതൊരു സ്പോർട്സ് താരത്തിന്റെ കഥയാണ്. ഇടുക്കി, കട്ടപ്പന മേഖലയിൽ ധാരാളം കായിക താരങ്ങളുണ്ട്. സൈക്കിൾ താരങ്ങളുണ്ട്. പാവപ്പെട്ട കുടുംബം. ഇവർ ഒന്നോ രണ്ടോ സെന്റ് ഭൂമിയിൽ കഴിയുന്നവർ. ഒരു സൈക്കിൾ വാങ്ങണമെങ്കിൽ രണ്ടര ലക്ഷം രൂപയോളം കുറഞ്ഞതു ചെലവാകും. സ്ഥലം വിറ്റും കടം വാങ്ങിയും കുട്ടികളുടെ ഭാവിയോർത്തു സൈക്കിൾ വാങ്ങും. കഷ്ടപ്പെട്ടു കുട്ടികൾ ദേശീയ തലത്തിൽവരെ എത്തും. ദേശീയതാരമായി ഒരു ജോലി കിട്ടിയാൽ ഈ കുടുംബം രക്ഷപ്പെടും. പലപ്പോഴും അന്താരാഷ്ട്ര തലത്തിലേക്ക് ഈ കുട്ടികൾക്കു പോകാൻ കഴിയാറില്ല. ഇത്തരമൊരു കഥയാണ് ഫൈനൽസിന്റേത്.
ഏറ്റുമുട്ടുന്നതു സൂപ്പർതാരങ്ങളോട്?
ഒരു ഏറ്റുമുട്ടലുമില്ല. മോഹൻലാലിന്റെയും നിവിൻപോളിയുടെയും പൃഥ്വിരാജിന്റെയും ചിത്രങ്ങൾക്കിടയിലേക്കു മണിയൻപിള്ള രാജു ഒരു സിനിമയുമായി എത്തണമെങ്കിൽ അതിൽ എന്തോ ഉണ്ട് എന്ന ഒരു ചിന്ത പ്രേക്ഷകർക്കുണ്ട്. ഈ വിശ്വാസം ഒരിക്കലും തകർക്കാതെ നോക്കുന്നതായിരിക്കും ഫൈനൽസ്. സോഷ്യൽമീഡിയയിലെ ചർച്ചകളിൽ ഇത്തരമൊരു ചിന്ത പടർന്നിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ മണിയൻപിള്ള രാജു എത്തില്ലെന്നു പറയുന്നു.
ഏതായാലും സൂപ്പർതാരചിത്രങ്ങളും എല്ലാ ചിത്രങ്ങളും ഓണത്തിനു നന്നായി ഓടും. വിജയിക്കും. അതിന്റെ കൂടെ ഈ ചിത്രം മെരിറ്റ് കൊണ്ട് ഹിറ്റായിക്കൊള്ളും.
പുതുമുഖ സംവിധായകൻ?
തിരക്കഥാകൃത്തായ പി.ആർ. അരുണ്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണിത്. അരുണ്‍ ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ കഥ കേട്ടു. ഒത്തിരി ഇഷ്ടമായി. അന്നു മുതൽ ഇതിന്റെ പണിപ്പുരയിലാണ്. ഏപ്രിലിലാണ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചത്. അന്നുമുതൽ ഇന്നുവരെ കൂടെയുണ്ട്.
ഹിന്ദിയിൽ ദംഗൽ, ചക് ദേ ഇന്ത്യ തുടങ്ങിയ സ്പോർട്സ് ചിത്രങ്ങളുണ്ട്. എന്നാൽ മലയാളത്തിൽ സ്പോർട്സിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രമായപ്പോൾ സന്തോഷം തോന്നി. വളരെ ടച്ചിംഗായ കഥയാണ് അരുണ്‍ തയാറാക്കിയിരിക്കുന്നത്. അതു കാണുന്പോൾ മനസിലാകും.
നായികാ പ്രാധാന്യം?
രജീഷ വിജയൻ നായികയാണ്. ഒരു നായികാ ചിത്രമെന്ന് വിശേഷിപ്പിക്കാൻ കഴിയുമോ എന്നറിയില്ല. ഒളിന്പിക്സിനു പോകാൻ തയാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജീഷ. പാവപ്പെട്ട കുട്ടിയായ നായികയ്ക്കു പരിശീലനം നൽകുന്നതു പിതാവാണ്. സുരാജ് വെഞ്ഞാറമൂടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്ലിസ്റ്റിന്റെ വേഷം നന്നായി അവതരിപ്പിക്കാൻ രജീഷയ്ക്കു സാധിച്ചു.
കൈലാസ് മേനോന്റെ നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. അതെല്ലാം ഇപ്പോൾ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഞാനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
പ്രേക്ഷകരോട്?
ഞാനും പ്രജീവും ചേർന്നാണ് ഫൈനൽസ് നിർമിക്കുന്നത്. ഇത്രയും നാളും നിങ്ങൾ എന്റെ ചിത്രങ്ങൾ ഇരുകൈയുംനീട്ടി സ്വീകരിച്ചു. ഇതൊരു ചെറിയ ചിത്രമാണ്. കഥയാണ് സൂപ്പർതാരം. പുതുമയുള്ള പ്രമേയത്തെയാണ് സിനിമയാക്കിയിരിക്കുന്നത്. നിങ്ങൾ ചിന്തിക്കുന്നതുപോലെ എന്തോ ഈ ചിത്രത്തിലുണ്ട്. ആർക്കും ഇഷ്ടപ്പെടുന്ന ചിത്രമാണ്. ടീസറിനു വൻ വരവേല്പ് നൽകിയ പ്രേക്ഷകർ സിനിമയും രണ്ടുകൈയുംനീട്ടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ജോണ്സണ് വേങ്ങത്തടം