തുറവൂർ: കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി.
അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനാണ് ആലപ്പുഴ വിജിലൻസ് സ്പെഷ്ൽ സ്ക്വാഡ് പിടികൂടിയത്.വ്യാഴാഴ്ച രാത്രി ഏഴിന് ദേശീയപാതയിൽ ചമ്മനാടിന് സമീപമാണ് അദ്ദേഹത്തെ ഒരു ലക്ഷം രൂപയുമായി പിടികൂടിയത്.
അരൂരിൽ ഒരു കെട്ടിടത്തിന് നിർമണ അനുമതിയുടെ പേരിൽ ഉടമ അപേക്ഷ നൽകിയിട്ടും സെക്രട്ടറി പണം നൽകാത്തതിന്റെ പേരിൽ അനുമതി നിഷേധിച്ചിരുന്നു.
രണ്ടു ലക്ഷം രൂപ നൽകിയെങ്കിൽ മാത്രമേ കെട്ടിടത്തിന്റെ നിർമാണത്തിന് അനുമതി നൽകുകയുള്ളു എന്ന സെക്രട്ടറിയുടെ പിടിവാശി കാരണം കഴിഞ്ഞ കുറച്ചു നാളുകളായി കെട്ടിട ഉടമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയായിരുന്നു.
അതിനുശേഷമാണ് കഴിഞ്ഞദിവസം ഒരു ലക്ഷം രൂപ നൽകാമെന്ന് അപേക്ഷകൻ സമ്മതിക്കുകയും ഇതുസംബന്ധിച്ച വിവരം വിജിലൻസിന് കൈമാറുകയും ചെയ്തത്.
ഇതു പ്രകാരം ഇന്നലെ വൈകുന്നേരം ഏഴിന് പഞ്ചായത്ത് സെക്രട്ടറി മണിയപ്പന്റെ വീട്ടിലേക്കുള്ള വഴിയിൽ എത്തുവാനും സെക്രട്ടറി ആവശ്യപ്പെട്ടു. ചമ്മനാട് എത്തി പണം കൈമാറുന്ന സമയം മണിയപ്പനെ വിജിലൻസ് പിടികൂടുകയായിരുന്നു.
ഇദ്ദേഹത്തിനെതിരേ കഴിഞ്ഞ കുറച്ചുവർഷങ്ങളായി വ്യാപകമായ അഴിമതി ആരോപണമാണ് ഉയർന്നിട്ടുള്ളത്. കോടംതുരുത്ത്, എഴുപുന്ന, തുറവൂർ തുടങ്ങിയ പഞ്ചായത്തുകളിൽ അദ്ദേഹം വൻ ക്രമക്കേടുകളാണ് നടത്തിയിട്ടുള്ളത്.
ഇദ്ദേഹം സെക്രട്ടറി ആയിട്ടിരിന്നിട്ടുള്ള എല്ലാ പഞ്ചായത്തിലും വ്യാപകമായുള്ള നിലംനികത്തലിനും അനധികൃത കെട്ടിട നിർമാണത്തിനും അനുമതി നൽകിയെന്ന് പരാതിയുണ്ട്.
മുൻപും വിജിലൻസ് അന്വേഷണം ഉണ്ടാവുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തതാണ്. ഉന്നത രാഷ്ട്രീയ ഇടപെടലിനെതുടർന്ന് നടപടി മരവിപ്പിച്ച് വിലസുകയായിരുന്നു.
ഇതിനിടെയാണ് കൈക്കുലി പണവുമായി വിജിലൻസ് പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.