വൈക്കം: തലയാഴം തോട്ടകം കുപ്പേടിക്കാവ് ദേവിക്ഷേത്രത്തിനു സമീപം കരിയാറിൽ വീണ് സർപ്പം പാട്ടുകാരൻ മരിച്ചതിൽ ദുരൂഹത. വെച്ചൂർ ചേരകുളങ്ങര സ്വദേശി മണിയപ്പ(56)നാണ് ജനുവരി എട്ടിനു മരിച്ചത്.ഇയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ദുരൂഹത ആരോപിച്ചു കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് കത്തു ലഭിച്ചത്.
വാഹനം തട്ടി ആറ്റിൽ വീണാണ് മരണമെന്നാണ് കത്തിൽ ആരോപിച്ചത്. ക്ഷേത്രത്തിൽ സർപ്പം പാട്ടുമായി ബന്ധപ്പെട്ടു വന്ന മണിയപ്പൻ ആറ്റുതീരത്ത് കൈകാലുകൾ കഴുകാനായി ഇറങ്ങിയപ്പോൾ കാൽ വഴുതി വീണ് ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു എന്നാണ് പോലിസിന്റെ നിഗമനം.
മണിയപ്പന്റെ ദേഹത്ത് യാതൊരുതരത്തിലുള്ള ക്ഷതമോ പരിക്കുകളോ ഉണ്ടായിരുന്നില്ലെന്നും പോലിസ് പറയുന്നു. തോട്ടകം സ്വദേശിയായ യുവാവിന്റെ വാഹനം തട്ടിയാണ് മണിയപ്പൻ പുഴയിൽ വീണതെന്നാരോപിച്ചു കഴിഞ്ഞ ദിവസം കിട്ടിയ കത്ത് ബന്ധുക്കൾ വൈക്കം പോലിസിനു കൈമാറി.
കത്തിൽ ആരോപിക്കുന്ന യുവാവിനെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആരെങ്കിലും കുടുക്കാൻ കരുക്കൾ നീക്കിയതിന്റെ ഭാഗമായാണോയെന്നും യുവാവിനു സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലിസ് അന്വേഷിച്ചുവരികയാണ്.