പത്തനംതിട്ട: മഹാപ്രളയം അടിച്ചു തകർത്ത മണിയാർ ജലസംഭരണിക്കുവേണ്ടത് അടിയന്തര അറ്റകുറ്റപ്പണികൾ. അടുത്ത മഴയ്ക്കു മുന്പായി ഡാമിന്റെ ഷട്ടറുകളും വെള്ളമൊഴുകുന്ന ഭാഗവും ബലപ്പെടുത്തുകയും സംരക്ഷണഭിത്തി പുനർനിർമിക്കുകയും ചെയ്തില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്ന് ആശങ്ക.
രണ്ട് ഷട്ടറുകളുടെയും സംരക്ഷണഭിത്തിയുടെയും തകർച്ച പരിഹരിക്കുന്നതിലേക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും ജലസേചനവകുപ്പ് ചീഫ് എൻജിനീയർക്കു കഴിഞ്ഞ തിങ്കളാഴ്ച കൈമാറിയിരുന്നു. 1.10 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. എന്നാൽ ഇത് അംഗീകരിച്ച് ടെൻഡർ നടപടികളിലേക്കു കടന്നിട്ടില്ല.
അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ജോലിയെന്ന നിലയിലാണ് ജലസേചന വകുപ്പ് പദ്ധതിയിട്ടത്. തുലാവർഷം ആരംഭിക്കുന്നതിനു മുന്പായി പണികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇനിയൊരു പ്രളയം താങ്ങാനുള്ള കരുത്ത് ഷട്ടറുകൾക്കില്ല. സംരക്ഷണഭിത്തിയും തകർന്നിരിക്കുന്നതിനാൽ സംഭരണിക്കു തന്നെ ഭീഷണിയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 15ന് മഹാപ്രളയത്തിലാണ് മണിയാർ സംഭരണിയുടെ മൂന്ന്, നാല് ഷട്ടറുകളിൽ നിന്നു വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തെ കോണ്ക്രീറ്റ് അടർന്നുമാറിയത്. ഇതോടൊപ്പം സംരക്ഷണഭിത്തിയും സംഭരണിയുടെ പ്രധാന കനാലുകളുടെ ഇൻടേക്ക് ഭാഗവും തകർന്നു. പണികൾ നടത്തണമെങ്കിൽ സംഭരണിയിലെ വെള്ളം പൂർണമായി വറ്റിക്കേണ്ടതുണ്ട്. മഴ ആരംഭിച്ചാൽ ഇതു സാധ്യമല്ല.
നിലവിൽ ജലനിരപ്പ് കുറവായതിനാൽ വെള്ളം കക്കാട്ടാറിലൂടെ ഒഴുക്കിവിടാനാകും. 35.35 മീറ്ററാണ് സംഭരണിയുടെ ശേഷി. രണ്ട് സ്ലൂയിസ് വാൽവുകളാണ് പദ്ധതിക്കുള്ളത്. ഇവ രണ്ടും തകരാറിലായതിനാൽ ഷട്ടറുകൾ തുറന്നുവയ്ക്കുക മാത്രമാണ് നിർവാഹമായിട്ടുള്ളത്.
വെള്ളം തുറന്നുവിടുന്നതോടെ താഴെ പന്പാനദിയിൽ ജലനിരപ്പ് ഉയരും. നിലവിൽ പന്പാനദിയിലും ജലനിരപ്പ് കുറവായതിനാൽ അധികജലം പ്രളയഭീഷണിയാകില്ല. മൂന്ന്, നാല് ഷട്ടറുകളുടെ ബോഗിവീലുകൾ പൊട്ടിയിരിക്കുകയാണ്.