തളിപ്പറമ്പ്: ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മോഷ്ടാവ് കര്‍ണാടകയില്‍ ഇരട്ടകൊലക്കേസിലുള്പ്പെടെ ദക്ഷിണേന്ത്യയിലെ നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതി. കര്‍ണാടക ഹുബ്ളി ഹുന്‍സൂര്‍ ഫസ്റ്റ് ഹൊനഗോഡു നല്ലൂര്‍നാല പക്ഷിരാജപുര സ്വദേശി മഞ്ച എന്ന മഞ്ജുനാഥി (30)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2013 ജനുവരി അഞ്ചിന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഭാര്യയും ഭര്‍ത്താവുമാണ് കൊലചെയ്യപ്പെട്ടത്. കര്‍ണ്ണാടക വാട്ടര്‍ റിസോഴ്സ് വകുപ്പില്‍ നിന്ന് വിരമിച്ച എൻജിനിയര്‍ വെങ്കടേഷ് (70), ഭാര്യ കാമാക്ഷമ്മ (63) എന്നിവരാണ് ഹെല്വാളിലെ കല്ലൂര്‍ നാഗനഹള്ളിയിലുള്ള അവരുടെ ഫാം ഹൗസില്‍ കൊല്ലപ്പെട്ടത്. മഞ്ചയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 13 അംഗ സംഘമാണ് ഇവരെ കൊലപ്പെടുത്തിയത്.
ഒളിവിലായിരുന്ന ഇവരെ 2013 ഫെബ്രുവരി അഞ്ചിനാണ് ഇവരെ മൈസൂര്‍ റൂറല്‍ ഡിവൈഎസ്പി ടി.സിദ്ധപ്പയുടെ നേതൃത്വത്തില്‍ പിടികൂടിയത്. തമിഴ്നാട്ടിലെ സേലം, കര്‍ണ്ണാടകയുലെ ചിത്രദുര്‍ഗ, ബെല്‍ഗാം, ഹസന്, തുംകൂര്‍, ആന്ധ്രയിലെ കടപ്പ, നെല്ലൂര്‍, യെരഗുണ്ടല, അനന്തപ്പൂര്‍ എന്നിവിടങ്ങളില്‍ നിരവധി കവര്‍ച്ച കേസുകളിലും കൊലപാതക ശ്രമങ്ങളിലും പ്രതിയാണ് മഞ്ച. കര്‍ണ്ണാടകയില്‍ സംഘം ചേര്‍ന്ന് കവര്‍ച്ചയും കൊലപാതകവും നടത്തിവരുന്ന സംഘത്തിലെ സുപ്രധാന കണ്ണിയാണ് മഞ്ച.
ഇരട്ടക്കൊലപാതക കേസുകളില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കര്‍ണ്ണാടക പോലീസ് ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് തളിപ്പറമ്പില്‍ അറസ്റ്റിലായത്. മഞ്ച പിടിയിലായ വിവരമറിഞ്ഞ് മൈസൂരില്‍ നിന്നും പോലീസ് ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. ഇരട്ടക്കൊലപാതക കേസില്‍ 10 വര്‍ഷക്കാലത്തേക്ക് ശിക്ഷ വിധിച്ച മഞ്ചയെ മൈസൂരു പോലീസിന് കൈമാറുമെന്ന് പോലീസ് സൂചിപ്പിച്ചു.
ഇയാളുടെ കൂട്ടുപ്രതിയായ തെലുങ്കാന സ്വദേശി മഞ്ചയുടെ ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവാണ്. അന്തോണി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തെ മലബാര്‍ ട്രേഡേഴ്സിലാണ് മഞ്ചയുടെ നേതൃത്വത്തില്‍ കവര്‍ച്ച നടന്നത്.
മൂന്ന് മാസം മുമ്പാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. സ്റ്റോക്കില്‍ വന്‍തോതില്‍ സാധനങ്ങള്‍ കുറഞ്ഞത് മനസിലായ ഉടമ കെ.സിദ്ദിഖ് നിരീക്ഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ രണ്ടു പേര് ഷട്ടര്‍ ഉയര്‍ത്തി അകത്തു കടന്ന് ചാക്കുകളിലാക്കി സാധനങ്ങള്‍ കടത്തുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യം പരിശോധിച്ചാണ് പോലീസ് തിങ്കളാഴ്ച്ച രാത്രി തന്നെ മുഖ്യ പ്രതിയെ പിടികൂടിയത്.
മെലിഞ്ഞ ശരീരപ്രകൃതിയുള്ള മഞ്ച ഒരു വശത്ത് മാത്രം പൂട്ടിയ വലിയ ഷട്ടറിന്റെ മറുഭാഗം ഉയര്‍ത്തി നുഴഞ്ഞു കയറിയാണ് കവര്‍ച്ച നടത്തിയത്. മോഷ്ടിച്ച സാധനങ്ങള്‍ മിക്കതും ആക്രി കച്ചവടക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. ഇതില്‍ ഒരു ഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചെങ്ങളായിയില്‍ വാടകക്ക് താമസിക്കുന്ന മഞ്ച ആക്രി ശേഖരിച്ച് വില്പന നടത്തുന്ന ആളാണ്.
മോഷണം തന്ത്രപരം, പിടിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
തളിപ്പറമ്പ്: വളരെ തന്ത്രപരമായി ആരുടെയും ശ്രദ്ധയില്‍പെടാതെയാണ് മൂന്ന് മാസത്തിലേറെക്കാലമായി മലബാര്‍ ട്രേഡേഴ്സില്‍ മോഷണം നടന്നത്. ഇലക്ട്രോണിക്സ്-പ്ലമ്പിംഗ് സാധനങ്ങളുടെ വന്‍കിട മൊത്തവ്യാപാര കേന്ദ്രമായ ഇവിടെയുള്ള എല്ലാ ഷട്ടറുകളും രണ്ടും ഭാഗവും പൂട്ടിട്ട് പൂട്ടാറില്ല. പൂട്ടാത്ത ഭാഗം ഇരുമ്പ്കമ്പി ഉപയോഗിച്ച് ഉയര്‍ത്തി അകത്തേക്ക് നുഴഞ്ഞുകയറിയാണ് മോഷണം നടത്തുന്നത്.
വലിയതോതില്‍ സാധനങ്ങള്‍ സംഭരിക്കുന്ന ഇവിടെ പത്ത് സാധനങ്ങളില്‍ നിന്നും നാലെണ്ണം എന്ന തോതില്‍ പെട്ടെന്ന് ശ്രദ്ധപതിയാത്ത രീതിയിലാണ് മോഷണം നടത്തുക. അതുകൊണ്ടുതന്നെ മോഷണം ആരുടെയും ശ്രദ്ധയില്‍ പെടുകയുമില്ല. ഷട്ടര്‍ തകര്‍ക്കുകയോ മറ്റ് വിധത്തിലുള്ള മോഷണസൂചനകളോ ഉണ്ടാകാത്ത വിധത്തില്‍ അതീവ സമര്‍ത്ഥമായാണ് മോഷണം നടന്നത്. അഞ്ച് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങളാണ് ഇവിടെനിന്നും കടത്തിയത്. ഇത് കൂടുതലും തദ്ദേശീയരായ അക്രിക്കച്ചവടക്കാര്ക്കാണ് വില്പന നടത്തിയത്.
പട്ടാമ്പി സ്വദേശിയായ ഒരാളാണ് കൂടുതലും സാധനങ്ങള്‍ വാങ്ങിയതെന്ന് ചോദ്യംചെയ്യലില്‍ നിന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഇലക്ട്രോണിക്സ്-പ്ലമ്പിംഗ് കടകളില്‍ മോഷണം നടത്തുന്നവരില്‍ നിന്നും സാധനങ്ങള്‍ ചെറിയ വിലക്ക് വാങ്ങി കടകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വിലകുറച്ച് വീടുകള്‍ പണിയുന്ന സാധാരണക്കാര്‍ക്ക് വില്‍പ്പന നടത്തുന്ന പട്ടാമ്പി സ്വദേശിയെയും വീരാജ്പേട്ട, കുംട്ട സ്വദേശികളേയും പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ചെങ്ങളായിയില്‍ പ്രതിമാസം 20,000 രൂപ വാടകയ്ക്ക് വാടകയ്ക്കാണ് നാലംഗ കുടുംബം താമസിക്കുന്നത്. സ്ത്രീകള്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ചെന്ന് പഴയ സാധനങ്ങള്‍ വാങ്ങുകയും മോഷ്ടിക്കാന്‍ പറ്റിയ വീടുകള്‍ കണ്ടെത്തി വിവരം നല്‍കുകയും ചെയ്യും. ഒരു ദിവസം 5000 മുതല്‍ 12,000 രൂപവരെയുള്ള ആക്രി സാധനങ്ങളാണ് ഇവര്‍ വില്‍പ്പന നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു.
പരമാവധി ഒരു വര്‍ഷം പ്രദേശത്ത് തങ്ങി മോഷണം നടത്തി അടുത്ത സ്ഥലത്തേക്ക് പോകുകയാണ് ഇവരുടെ രീതി. ചെങ്ങളായിയില്‍ പ്രളയദുരിതം നടന്ന സമയങ്ങളില്‍ മാറിത്താമസിക്കാന്‍ കൂട്ടാക്കാതിരുന്ന ഇവര്‍ നിരവധി വീടുകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. ഇത് കൂടാതെ പ്രളയദുരിതാശ്വാസം ലഭിക്കാന്‍ ഇവിടെ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച് നഷ്ടപരിഹാരത്തിനും ഇവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തേക്ക് 60,000 രൂപ അഡ്വാന്‍സ് നല്‍കിയാണ് സലാം എന്നയാളുടെ വാടക ക്വാര്‍ട്ടേഴ്സില്‍ ഇവര്‍താമസിച്ചിരുന്നത്.
തളിപ്പറമ്പിലെ മോഷണത്തില്‍ പോലീസ് തങ്ങളെ അന്വേഷിക്കുന്നതായ മനസിലായ ഉടനെ കുടുംബസമേതം വീരാജ്പേട്ടയിലെ മോഷ്ടാക്കള്‍ കൂടുതലായി താമസിക്കുന്ന അരസ്നഗര് എന്ന സ്ഥലത്തേക്ക് മുങ്ങിയ ഇവരെ അവിടയെത്തിയാണ് പോലീസ് പിടികൂടിയത്. ഡിവൈഎസ്പി ടി.കെ.രത്നകുമാറിന് പുറമെ സിഐ എന്‍.കെ.സത്യനാഥന്, എസ്ഐ കെ.പി.ഷൈന്‍, സീനിയര്‍ സിപിഒ എ.ജി.അബ്ദുള്‍റൗഫ്, സിപിഒമാരായ കെ.സ്നേഹേഷ്, ബനേഷ്, സൈബര്‍സെല്ലിലെ വിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.