കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസ് കൊല്ലപ്പെട്ട കേസിന് പിന്നാലെ സിലി സെബാസ്റ്റ്യന്‍ (43) വധിക്കപ്പെട്ട കേസില്‍ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി(44)യെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നൽകി.
കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണഉദ്യോഗസ്ഥനായ വടകര തീരദേശ പോലീസ് ഇന്‍സ്പക്ടര്‍ ബി.കെ.സിജു ഇന്നലെ അപേക്ഷ നല്‍കിയത്. അപേക്ഷ അനുവദിച്ച് കോടതി ഉത്തരവായി. നാളെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. സിലി വധക്കേസില്‍ ജോളിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
റോയ് വധക്കേസിലെ പ്രതികളായ പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി(47), ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജ്വലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി(44) എന്നിവരാണ് സിലി വധക്കേസിലെയും ഒന്നും രണ്ടും പ്രതികള്‍.
റോയ്തോമസ് കേസില്‍ മാത്യുവിനെ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. നാളെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം കോടതി അനുമതിയോടെ മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
പൊന്നാമറ്റത്ത് ആദ്യം കൊലപ്പെട്ട അന്നമ്മയുടെതുള്പ്പെടെയുള്ള ആറുകൊലപാതകങ്ങളിലും മാത്യുവിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.ജോളിയുമായി മാത്യുവിന് അടുത്ത ബന്ധമായിരുന്നുള്ളത്. ഇത് ശരിവയ്ക്കും വിധത്തിലുള്ള നിരവധി തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
പൊന്നാമറ്റത്ത് കൊല്ലപ്പെട്ടവരുടെ കല്ലറ പൊളിയ്ക്കുന്നതിന് തൊട്ടുമുമ്പ് വരെ ജോളിയും മാത്യുവും തമ്മില്‍ ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ റോയ്തോമസ് വധക്കേസില്‍ മൂന്നാംപ്രതിയായ പ്രജുകുമാര്‍ കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയ സയനൈഡ് മാത്യുവാണ് ജോളിക്ക് നല്കിയ്.
ജോളിടെ ഉദ്യേശലക്ഷം അറിഞ്ഞിട്ടും മാത്യു ഇതിനെ എതിര്‍ക്കാതെ ജോളിക്കൊപ്പം ചേര്‍ന്ന് കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്നുമാണ് കണ്ടെത്തല്‍. ഷാജി എന്ന എം.എസ്.മാത്യു ജോളിക്ക് കൈമാറിയ സയനൈഡ് ഉപയോഗിച്ചാണ് ഇയാളുടെ പിതൃസഹോദരനും വിമുത്കഭടനുമായ മഞ്ചാടി വീട്ടിൽ എം.എം.മാത്യുവിനെ കൊലപ്പെടുത്തിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിലി വധക്കേസിലും ഷാജിയെന്ന മാത്യുവിനെ പ്രതിചേര്‍ത്തത്.