മഞ്ചേരി: പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളുടെ സംഘത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഒരു കുട്ടി രക്ഷപ്പെട്ടു.
മഞ്ചേരിക്കടുത്ത് പന്തല്ലൂരിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ കുട്ടികളാണു മരിച്ചത്.
പന്തല്ലൂർ തോട്ടാശേരി കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകൾ ഫാത്തിമ ഇഫ്റത്ത്(19), ഹുസൈന്റെ സഹോദരൻ തോട്ടാശേരി അബ്ദുറഹ്മാൻ ലത്വീഫിയുടെ മകൾ ഫാത്തിമ ഫിദ(13), നെല്ലിക്കുത്ത് വെങ്ങുവങ്ങാട് കൊണ്ടോട്ടി വീട്ടിൽ അൻവറിന്റെ മകൾ ഫസ്മിയ ഷെറിൻ(16)എന്നിവരാണു മരിച്ചത്.
പന്തല്ലൂർ പാലിയംകുന്നത്ത് അബ്ദുള്ളക്കുട്ടിയുടെ മകൾ അൻഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി. ബന്ധുക്കളായ എട്ടു കുട്ടികളാണു പുഴയിൽ കുളിക്കാനിറങ്ങിയത്.
മരിച്ചവരിൽ രണ്ടുപേർ പന്തല്ലൂർ സ്വദേശികളും ഒരാൾ പന്തല്ലൂരിലെ ബന്ധുവീട്ടിലേക്കു നെല്ലിക്കുത്തിൽനിന്നു വിരുന്നെത്തിയതുമായിരുന്നു.
കുട്ടികളോടൊപ്പം ഫാത്തിമ ഫിദയുടെ പിതാവ് അബ്ദുറഹ്മാൻ ലത്വീഫിയുമുണ്ടായിരുന്നു. നീന്തലറിയുന്ന നാലു കുട്ടികൾ കരയിൽനിന്നു കുറച്ചു ദൂരം പുഴയിൽ നീന്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
പുഴയിലെ അടിയൊഴുക്കു തിരിച്ചറിയാനാകാതെ കുട്ടികൾ ഒഴുക്കിൽപ്പെട്ടു നീന്താൻ പാടുപെടുന്നതു കണ്ട് അബ്ദുറഹ്മാൻ പുഴയിലേക്ക് എടുത്തു ചാടി.
കുട്ടികളുടെ നിലവിളി കേട്ട് പരിസരവാസികളും ഒടിയെത്തി. അൻഷിദയെ രക്ഷപ്പെടുത്താനായെങ്കിലും മറ്റു മൂന്നു പേർ മുങ്ങിപ്പോകുകയായിരുന്നു.
നാട്ടുകാരും അഗ്നിശമനസേനയും തെരച്ചിൽ നടത്തി ഇഫ്റത്തിനെയും ഫിദയെയും അര കിലോമീറ്റർ അകലെ മില്ലുംപടി കടവിൽനിന്നു കണ്ടെത്തി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇരുവരും മരിച്ചിരുന്നു.
ഫസ്മിയയുടെ മൃതദേഹം വൈകുന്നേരം ഏഴോടെ ഒരു കിലോമീറ്റർ അകലെ കയത്തിൽനിന്നു കണ്ടെത്തി. സംസ്കാരം പന്തല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
മരിച്ച ഫാത്തിമഫിദ തെക്കുംപാട് ബദ്രിയ സുന്നി മദ്രസയിലും പന്തല്ലൂർ ഹൈസ്കൂളിലും എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഫാത്തിമ ഇഫ്റത്ത് മങ്കട ജെംസ് കോളജിൽ ബിഎസ്സി രണ്ടാം വർഷ വിദ്യാർഥിനിയാണ്.
പന്തല്ലൂർ ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ഫസ്മിയ ഷെറിൻ. സീനത്താണ് ഫാത്തിമ ഇഫ്റത്തിന്റെ മാതാവ്.
സഹോദരങ്ങൾ: ഹുദാപർവീൻ, അഫ്ത്താബ്, ഷഹദിയ. ഫസീലയാണ് മരിച്ച ഫാത്തിമ ഫിദയുടെ മാതാവ്.സഹോദരങ്ങൾ:ഫാത്തിമ ഹിബ,ചിഷ്തി, ഫാത്തിഹ്.