കോട്ടയം: പി.ജെ.ജോസഫിന് സീറ്റ് നൽകണമായിരുന്നുവെന്ന് വാദിച്ച കേരള കോൺഗ്രസ് യുവജന വിഭാഗം നേതാവിനെ തള്ളി സംഘടനയിലെ അംഗങ്ങൾ രംഗത്ത്. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലാണ് ജോസഫിന് സീറ്റ് നൽകണമായിരുന്നുവെന്ന് വാദിച്ചത്. ഇതിനെയാണ് സംഘടനയിലെ അംഗങ്ങൾ തള്ളിയത്.
തെരഞ്ഞെടുപ്പു കാലത്ത് പിടിപെടുന്ന “കാൻഡിഡേറ്റ് സിൻഡ്രം’ എന്ന രോഗമാണ് മഞ്ഞക്കടമ്പിലിന് ബാധിച്ചിരിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട്- എം സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത് പറഞ്ഞു.
മോഹഭംഗവും വിജിലൻസ് കേസിൽ ഉൾപ്പെട്ടതിലുള്ള ജാള്യതയും മറക്കുന്നതിനാണ് സ്ഥിരം സ്ഥാനാർഥി മോഹിയായ മഞ്ഞക്കടമ്പിൽ പാർട്ടിവിരുദ്ധ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നതെന്നും ജയകൃഷ്ണൻ പറഞ്ഞു.
കുറച്ചുകാലമായി വിരുദ്ധ ചേരിയിൽ നിന്നുകൊണ്ട് പാർട്ടിയെ പിന്നിൽനിന്ന് കുത്തിക്കൊണ്ടിരുന്ന ഒരു വിഭാഗത്തിന്റെ വക്താവായി പ്രവർത്തിച്ചു വരികയായിരുന്നു സജി മഞ്ഞക്കടമ്പിലെന്നും അദ്ദേഹം ആരോപിച്ചു.
കേരള യാത്രയിൽ നിസഹകരിച്ചതിന് കേരള കോൺഗ്രസ് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. പാർട്ടി നടപടി ഉണ്ടാകുമെന്ന് ബോധ്യം വന്നതിനെത്തുടർന്നാണ് ഇത്തരത്തിലുള്ള അനവസരത്തിലുള്ള പ്രസ്താവനയുമായി സജി രംഗത്തുവന്നിരിക്കുന്നത്- ജയകൃഷ്ണൻ കൂട്ടിച്ചേർത്തു.