ഇരിങ്ങാലക്കുട: സലീമിന് മഞ്ഞൾ കറികൂട്ടുമാത്രമല്ല, ജീവൻ തിരുച്ചുനൽകിയ മരുന്നാണ്. വള്ളിവട്ടം സ്വദേശി കാട്ടകത്ത് മുഹമ്മദ് സലിം എന്ന കർഷകന് ജീവിതം തിരിച്ചു ലഭിച്ചതോടെ തുടങ്ങിയതാണ് മഞ്ഞളിനോടുള്ള പ്രേമം. ഇപ്പോൾ സ്വന്തമായുള്ള കൃഷിയിടത്തിലെല്ലാം മഞ്ഞൾ വിളയുകയാണ്. കൃഷിക്കൊപ്പം മഞ്ഞളിന്റെ പ്രചാരകനുമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ മഞ്ഞളിന്റെ ലോക്കൽ ഗാർഡിയൻ.
അഞ്ചുവർഷം മുന്പാണു സലിമിന്റെ ജീവിതത്തിൽ വിവിധ രോഗങ്ങൾക്കൊപ്പം ഹെർപിസ് എന്ന വൈറസ് രോഗവും ഉണ്ടാകുന്നത്. ഒരിക്കൽ വസൂരി രോഗം വന്നാൽ വർഷങ്ങൾക്കുശേഷം അനുബന്ധമായി അപൂർവം ചിലർക്ക് തൊലിപ്പുറത്ത് സംഭവിക്കുന്ന മാരകമായ ഒരു രോഗമാണിത്. ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ കുമിളകൾ വന്ന് പഴുത്ത് വൃണമായി. ബോധമറ്റ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും ഓപറേഷനുശേഷം ഗാർഹികാന്തരീക്ഷത്തിലെ പരിചരണത്തിലും ദീർഘനാൾ കിടന്നു. എന്നിട്ടും രോഗശമനം സംഭവിച്ചില്ല.
പരിഹാരം തേടിയുള്ള യാത്ര അവസാനിച്ചത് സുഹൃത്തായ ഒരു ആയുർവേദ ഡോക്ടറിൽ. ഈ രോഗത്തിനുള്ള മരുന്ന് മഞ്ഞൾ കഴിക്കുകയായിരുന്നു എന്നതായിരുന്നു. അഞ്ചുഗ്രാം മഞ്ഞൾപ്പൊടി കുരുകളഞ്ഞ അഞ്ചു ഗ്രാം നെല്ലിക്കയുടെ ചാറിൽ കുഴച്ച് കഴിക്കുക. ഇതായിരുന്നു നിർദേശം. പിന്നീടുള്ള അനുഭവം ഒരു മാന്ത്രിക സ്പർശംപോലെയായി. മൂന്നുമാസം പിന്നിട്ടപ്പോൾ ശരീരത്തിലെ വടുക്കളും സർജറിയുടെ അവശേഷിപ്പുകളും മാറി ജീവിതത്തിന് പുതിയ ഒരു ഉണർവും ഉന്മേഷവും കൈവന്നു.
പ്രമേഹവും കുറഞ്ഞു മാത്രവുമല്ല, സലിമിന് അതുവരെയുണ്ടായിരുന്ന എല്ലാ രോഗങ്ങളും മഞ്ഞൾ ചികിത്സയിലൂടെ കുറഞ്ഞതായി കണ്ടെത്തി. മഞ്ഞൾ ചികിത്സ ഫലിച്ചതോടെ ഈ കാർഷികവിളയോട് സലിമിന് ഇഷ്ടം കൂടിവന്നു. അസുഖം മാറിയെങ്കിലും മഞ്ഞളിനെയോ ഒൗഷധസേവയോ ഉപേക്ഷിക്കാൻ സലിം തയാറായില്ല. ഇന്നും ദിനചര്യയുടെ ഭാഗമാണിത്.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന്റെ രോഗപ്രതിരോധ ശേഷി കൂടുതൽ ആളുകളിലേക്ക് പ്രചരിപ്പിക്കുന്നതിനായി ശ്രമം തുടങ്ങി. സ്വന്തം അനുഭവകഥ ആളുകളോട് പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ഞളിന്റെ ഒൗഷധഗുണം അദ്ദേഹം ആളുകൾക്ക് മുന്പിൽ തുറന്നു കാട്ടിയത്. സ്വന്തമായുള്ള അഞ്ചു ഏക്കർ പുരയിടത്തിൽ രാസവളമോ കീടനാശിനിയോ ഉപയോഗിക്കാത്ത ചാണകവും ഗോമൂത്രവും പച്ചിലയും കന്പോസ്റ്റുമെല്ലാം ചേർത്ത് നടത്തുന്ന ജൈവകൃഷിയെ അദ്ദേഹം നെഞ്ചോടു ചേർത്തുപിടിക്കുന്നു.
കൃഷിയെകുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനുമായി പല സ്ഥലത്തുനിന്നും വിദ്യാർഥികളും ഉദ്യോഗസ്ഥരുമുൾപ്പെടെ ഇവിടേക്കെത്തുന്നവരെ എണ്ണം വർധിക്കുകയാണ്. നടന്മാരായ ശ്രീനിവാസൻ, അനൂപ് ചന്ദ്രൻ, സലിംകുമാർ തുടങ്ങിയ താരനിര മഞ്ഞൾ വ്യാപകമാക്കുന്നതിനുവേണ്ടിയുള്ള സലിമിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു.
ജൈവകൃഷിയിൽ തനതുശൈലി വികസിപ്പിച്ചെടുത്ത സലിമിനെ തേടിയെത്തിയ പുരസ്കാരങ്ങളും നിരവധി. ആത്മമിത്ര പുരസ്കാരം, പഞ്ചായത്തിലെ മികച്ച കർഷകൻ, ജൈവ കർഷകൻ, വനമിത്ര അവാർഡ് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.
ഫോണ്: 9447320780.