റഷ്യൻ ലോകകപ്പ് ഫുട്ബോൾ കിരീടം നേടാൻ ഏറ്റവും സാധ്യത മഞ്ഞപ്പടയായ ബ്രസീലിനാണെന്ന് ഗ്രേസ്നോട്ട് അവകാശപ്പെടുന്നു. ലോക ഒന്നാം നന്പറായി നിലവിലെ ജേതാക്കളായ ജർമനിയെയും രണ്ടാമനായി ബ്രസീലിനെയും മൂന്നാമതായി ബെൽജിയത്തെയും നാലും അഞ്ചും സ്ഥാനക്കാരായി പോർച്ചുഗലിനെയും അർജന്റീനയെയുമാണ് ഫിഫ പ്രഖ്യാപിച്ചത്.
എന്നാൽ, ലോകത്തിലെ പ്രമുഖ എന്റർടെയ്മെന്റ് ഡാറ്റ കന്പനിയായ ഗ്രേസ്നോട്ട് ബ്രസീലിനെയാണ് ഒന്നാം റാങ്കുകാരായി മുന്നോട്ടുവയ്ക്കുന്നത്. അതിനുള്ള കാരണം 2014 ലോകകപ്പിലെ സെമിഫൈനൽ തോൽവിക്കുശേഷം ബ്രസീൽ ഇതുവരെ നാല് മത്സരങ്ങളിൽ മാത്രമാണ് പരാജയപ്പെട്ടത്. 2016 ജൂണിനുശേഷം ഒരു തോൽവി മാത്രവും. അതുകൊണ്ടുതന്നെ റഷ്യൻ ലോകകപ്പ് സ്വന്തമാക്കാൻ ബ്രസീലിന് 21 ശതമാനം സാധ്യതയുണ്ടെന്ന് ഗ്രേസ്നോട്ട് വിലയിരുത്തുന്നു.
ബ്രിട്ടീഷ് വാതുവയ്പ് കന്പനിയായ വില്യംഹില്ലും ബ്രസീലിനാണ് സാധ്യത കൽപ്പിക്കുന്നത്. 4/1 അനുപാതമാണ് ബ്രസീൽ കിരീടം നേടുമെന്നതിനായി വില്യംഹിൽ വയ്ക്കുന്നത്. കിരീട സാധ്യതയിൽ 9/2 അനുപാതവുമായി ജർനി രണ്ടാമതും 6/1 അനുപാതവുമായി സ്പെയിൻ മൂന്നാമതുമാണ്.
സ്പെയിൻ x ബ്രസീൽ ഫൈനൽ
സ്പെയിൻ, ജർമനി, അർജന്റീന എന്നിവയാണ് ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റ് ടീമുകൾ. 2010 ചാന്പ്യന്മാരായ സ്പെയിനും ബ്രസീലും ഫൈനലിൽ ഏറ്റുമുട്ടുമെന്നും ലാ റോഹ എന്ന ഓമനപ്പേരുകാരെ കീഴടക്കി കാനറികൾ കപ്പുമായി ലാറ്റിനമേരിക്കയിലേക്ക് പറക്കുമെന്നുമാണ് പ്രവചനം.
സ്പെയിനിന് 10 ശതമാനം കിരീട സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്. ലാ റോഹയ്ക്കു തൊട്ടുപിന്നിൽ ജർമനിയും അർജന്റീനയുമാണ്. ഇരുവർക്കും എട്ട് ശതമാനം വീതം സാധ്യതയാണ് ഗ്രേസ്നോട്ട് കന്പനി നല്കുന്നത്. ക്ലബ് ലോകത്ത് മിന്നിത്തിളങ്ങിനിൽക്കുന്ന ഒരു പറ്റം യുവ താരങ്ങളുമായെത്തുന്ന ഫ്രാൻസിന് ആറ് ശതമാനം സാധ്യതയാണുള്ളത്.
ബെൽജിയം, ഇംഗ്ലണ്ട്, പോർച്ചുഗൽ 4%
ലോകകപ്പ് സാധ്യതയിൽ അഞ്ച് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലാണ് റോഡ്രിഗസിന്റെ കൊളംബിയ, ഗ്വെരേരയുടെ പെറു, ഹാരി കെയ്നിന്റെ ഇംഗ്ലണ്ട്, ഹസാഡിന്റെ ബെൽജിയം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ എന്നിവ യഥാക്രമം. ഫിഫ റാങ്കിൽ 11-ാം സ്ഥാനത്തുള്ള പെറുവിനും 16-ാം സ്ഥാനത്തുള്ള കൊളംബിയയ്ക്കും ലോകകപ്പ് കിരീടം നേടാൻ അഞ്ച് ശതമാനം വീതം സാധ്യതയാണുള്ളത്. കൊളംബിയയ്ക്ക് ഗ്രേസ്നോട്ട് അഞ്ചും പെറുവിന് ഏഴും റാങ്ക് ആണ് നല്കിയിരിക്കുന്നത്. ഇരുവരും സെമിയിൽ എത്താൻ 22 ശതമാനം സാധ്യതയുള്ളതായും വിലയിരുത്തുന്നു.
ഇംഗ്ലീഷ് ലീഗുകളിൽ കളിക്കുന്ന 23 അംഗ സംഘവുമായി എത്തുന്ന ഇംഗ്ലണ്ടിനും കറുത്തകുതിരകളാകാനുള്ള തയാറെടുപ്പുമായെത്തുന്ന ബെൽജിയത്തിനും 2016 യൂറോ ചാന്പ്യന്മാരായ പോർച്ചുഗലിനും ലോകകപ്പ് ഉയർത്താൻ നാല് ശതമാനം സാധ്യതയേ ഗ്രേസ്നോട്ട് നല്കുന്നുള്ളൂ.
പുതിയ ജേതാവ്, 47 %
ഇതുവരെ കപ്പ് നേടാത്ത ഒരു ടീം റഷ്യയിൽ ലോകകപ്പ് ഉയർത്താൻ സാധ്യത കുറവാണെന്നാണ് ഗ്രേസ്നോട്ടിന്റെ വിലയിരുത്തൽ. റഷ്യയിൽ പുതിയൊരു ജേതാവിന് 47 ശതമാനം സാധ്യത മാത്രമേ കൽപ്പിക്കുന്നുള്ളൂ. അതായത്, റഷ്യയിലെത്തുന്ന ഇതുവരെ കിരീടം നേടിയവരായ ബ്രസീൽ, അർജന്റീന, ജർമനി, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, ഉറുഗ്വെ എന്നിവയിൽ ആരെങ്കിലും കപ്പുയർത്തും.
1966നുശേഷം ഏഴ് രാജ്യങ്ങൾ മാത്രമാണ് ലോകകപ്പ് ഫൈനലിൽ എത്തിയിട്ടുള്ളൂ. ഇറ്റലിയും ഹോളണ്ടും റഷ്യയിലേക്ക് യോഗ്യത നേടിയിട്ടില്ല. ശേഷിക്കുന്ന അഞ്ച് രാജ്യങ്ങളായ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നിവരിൽ ആരെങ്കിലും കപ്പുനേടാനാണ് കൂടുതൽ സാധ്യത.