കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരായ കേസ് ചെന്നൈയിൻ എഫ്സി സ്ട്രൈക്കറും ബ്ലാസ്റ്റേഴ്സ് മുൻതാരവുമായ സി.കെ.വിനീത് പിൻവലിച്ചു. തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് മഞ്ഞപ്പട അംഗം രേഖാമൂലം ക്ഷമ ചോദിച്ചിരുന്നു. മഞ്ഞപ്പടയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിച്ചു.
കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്സി മത്സരത്തിനിടെ വിനീത് ബോൾബോയിയെ അസഭ്യം പറഞ്ഞെന്നായിരുന്നു പ്രചരണം. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇക്കാര്യം പ്രചരിച്ചിരുന്നു. സംഭവത്തിൽ മഞ്ഞപ്പടയ്ക്കെതിരെ വിനീത് രംഗത്തെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
എന്നാൽ ഗ്രൂപ്പിലെ ഒരു അംഗം വിനീതിനെതിരായി തെളിവില്ലാത്ത ആരോപണം പ്രചരിപ്പിച്ചതിൽ മഞ്ഞപ്പട ഖേദം പ്രകടിപ്പിച്ചിരുന്നു. രു വ്യക്തിക്ക് പറ്റിയ വീഴ്ചയുടെ പേരിൽ മഞ്ഞപ്പടയെ മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കരുത്. കളിക്കാർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണയ്ക്കില്ലെന്നും മഞ്ഞപ്പട വ്യക്തമാക്കിയിന്നു.