കൊച്ചി: സ്വന്തം കഴിവുകേടില്നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ വ്യഗ്രതയുടെ വ്യക്തമായ സൂചനയാണ് കോച്ച് മിഖായേൽ സ്റ്റാറെയുടെ പെട്ടെന്നുള്ള പിരിച്ചുവിടലെന്ന് ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട. സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം ഒരു പരിശീലകനെ ബലിയാടാക്കുകയാണ്.
ടീമിന്റെ മോശം ട്രാന്‍സ്ഫറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാനേജ്മെന്റിന്റെ അനാസ്ഥയും കാഴ്ചപ്പാടില്ലായ്മയെയും കുറ്റപ്പെടുത്തുന്ന മഞ്ഞപ്പട കോച്ചിനെ പുറത്താക്കുന്നത് കൊണ്ട് മാത്രം ഞങ്ങളുടെ ടീമിന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
സ്വന്തം പിഴവ് മറച്ചുവച്ച് മാനേജ്മെന്റ് എളുപ്പവഴി സ്വീകരിച്ചത് തീര്‍ച്ചയായും നാണക്കേടുണ്ടാക്കും. മാനേജ്മെന്റ്, നിങ്ങളുടെ കുഴപ്പത്തിന് കോച്ച് വില കൊടുക്കുകയാണ്. നിങ്ങളുടെ ബലിയാടാക്കല്‍ തന്ത്രങ്ങളില്‍ ഞങ്ങള്‍ കബളിപ്പിക്കപ്പെടില്ല. കോച്ച്, നിങ്ങളുടെ സമയത്തിന് നന്ദി! മഞ്ഞപ്പടയുടെ കുറിപ്പില്‍ പറയുന്നു.