സ്വന്തം ലേഖകൻ
തൃശൂർ: നഗരത്തിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്പോൾ രോഗത്തിനു കാരണമാകുന്നതിൽ പ്രധാനം അറ്റകുറ്റപ്പണികൾ നടത്താത്ത സെപ്റ്റിക് ടാങ്കുകളും ശുചിത്വമില്ലാത്ത വെൽക്കം ഡ്രിങ്കുകളും ഐസുകളും. ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയോടെ ബോധവത്കരണവുമായി ജനങ്ങൾക്കിടയിലേക്ക്.
തൃശൂർ നഗരത്തിൽ മഞ്ഞപ്പിത്തം റിപ്പോർട്ടു ചെയ്ത പ്രദേശങ്ങളിലടക്കം പലയിടത്തും സെപ്റ്റിക് ടാങ്കുകൾ കാലങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ടാങ്ക് പൊളിഞ്ഞും മറ്റും മനുഷ്യവിസർജ്യങ്ങൾ കുടിവെള്ളത്തിൽ കലർന്നതു മഞ്ഞപ്പിത്തത്തിനു കാരണമായെന്നാണ് വിലയിരുത്തിയിട്ടുള്ളത്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്ന നിർദേശം പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും, പുറത്തുനിന്നും ശീതളപാനീയങ്ങളും മറ്റും കഴിക്കുന്പോൾ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഉപയോഗ യോഗ്യമല്ലാത്ത ഐസ് പലയിടത്തുനിന്നും അടുത്തിടെ ആരോഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്തിരുന്നു.
വിവാഹസൽക്കാരങ്ങൾക്കും മറ്റും നൽകുന്ന വെൽക്കം ഡ്രിങ്കുകളുടെ ശുചിത്വമില്ലായ്മ മഞ്ഞപ്പിത്തം പടരാൻ കാരണമായിട്ടുണ്ടെന്നും കുറച്ചുകാലത്തേക്കെങ്കിലും വെൽക്കം ഡ്രിങ്കുകൾ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നുണ്ട്.
മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിലും സംശയലക്ഷണങ്ങളോടെ എത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായത് ആരോഗ്യവകുപ്പ് അധികൃതരെ കൂടുതൽ ജാഗ്രതയിലാക്കിയിട്ടുണ്ട്.സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്ന സംഘങ്ങൾ പലപ്പോഴും മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ പിഴത്തുകയും അനുബന്ധ ശിക്ഷകളും കൂടുതൽ കർശനമാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.