മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കേളീശൈലി മാറ്റിമറിക്കുകയാണ് ആദ്യ മത്സരത്തിൽതന്നെ റാങ്നിക്ക് ചെയ്തത്.കൗണ്ടർ പ്രസിംഗ്, ഗെഗെൻപ്രസിംഗ് എന്നെല്ലാം അറിയപ്പെടുന്ന തന്ത്രത്തിന്റെ ആധുനിക ഉപജ്ഞാതാവാണ് റാങ്നിക്ക്. പന്ത് ആരുടെ കൈവശമാണോ അയാളുടെ പുറത്തേക്കുള്ള ബന്ധം വിഛേദിക്കുകയും തുടർന്ന് പന്ത് കൈക്കലാക്കുകയും ചെയ്യുക എന്നതാണ് ഗെഗെൻപ്രസിംഗ്.
ലിവർപൂളിന്റെ യർഗൻ ക്ലോപ്പ്, ചെൽസിയുടെ തോമസ് ടൂഹെൽ, ബയേണ്‍ മ്യൂണിക്കിന്റെ ജൂലിയൻ നഗെൽസ്മാൻ, ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മാർക്കോ റോസ് തുടങ്ങിയ വന്പൻ പരിശീലകരുടെയെല്ലാം ആശാനാണ് റാങ്നിക്ക് എന്നതും മറ്റൊരു വാസ്തവം.
4-2-2-2 എന്ന ശൈലിയിലേക്ക് യുണൈറ്റഡിനെ മാറ്റിയാണ് റാങ്നിക്ക് ക്രിസ്റ്റൽ പാലസിനെതിരേ ജയം നേടിയത്. ഗെഗെൻപ്രസിംഗിലൂടെ ഫൈനൽ തേർഡിൽ വച്ച് 13 തവണ ക്രിസ്റ്റൽ പാലസിന്റെ പക്കൽനിന്ന് പന്ത് തിരിച്ചുപിടിക്കാൻ യുണൈറ്റഡിനു സാധിച്ചു. ഈ സീസണിൽ ഫൈനൽ തേർഡിൽ യുണൈറ്റഡ് ഇത്രയധികം തവണ പൊസഷൻ നേടുന്നത് ഇതാദ്യം!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറ്റ മത്സരത്തിൽ ജയം സ്വന്തമാക്കുന്ന ആദ്യ ജർമൻ മാനേജർ എന്ന റിക്കാർഡും റാങ്നിക്ക് സ്വന്തമാക്കി. ഫെലിക്സ് മഗാത്ത്, യർഗൻ ക്ലോപ്പ്, യാൻ സീവെർട്ട്, ഡാനിൽ ഫർക്, തോമസ് ടൂഹെൽ എന്നിവർക്കൊന്നും സാധിക്കാതിരുന്ന നേട്ടമാണിത്.