പത്തനംതിട്ട: റാന്നി നിയോജകമണ്ഡലത്തിലെ ളാഹ മഞ്ഞത്തോട് കോളനി നിവാസികളോട് വോട്ടഭ്യര്‍ഥിച്ച് ഇത്തവണ ആരുമെത്തിയില്ല. ആരോടും പ്രത്യേക മമത കാട്ടേണ്ടതില്ലെന്ന് കോളനി നിവാസികള്‍ നേരത്തെ തീരുമാനിച്ചിരുന്നു.
അഞ്ച് വര്‍ഷത്തിനിടെ തങ്ങളുടെ ബുദ്ധിമുട്ടുകളില്‍ ആരും കനിവ് കാട്ടിയില്ലെന്ന് പറയുന്നു.മലമ്പണ്ടാരം വിഭാഗത്തില്‍പെട്ട 40 ആദിവാസി കുടുംബങ്ങളാണ് കോളനിയിലുള്ളത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരകരായി ആരും കോളനിയിലേക്ക് എത്തിയിരുന്നില്ല. സമീപസ്ഥലമായ അട്ടത്തോട്ടില്‍ സ്ഥാനാര്‍ഥികള്‍ എത്തിയതായി അറിഞ്ഞു.
കോളനിയില്‍ പുരുഷന്മാര് പകല്‍സമയം ഉണ്ടാകാത്തതിനാല്‍ അവരാരും ഇങ്ങോട്ട് കയറിയതുമില്ല. അതിനാല്‍ റാന്നിയിലെ സ്ഥാനാര്ഥികളാരെന്നു പോലും പലര്‍ക്കും വലിയ നിശ്ചയമില്ല.
പോളിംഗ് ബൂത്തിലേക്ക് വാഹനം പിടിച്ചു പോകാനൊന്നും ഇവരുടെ കൈവശം പണമില്ല. വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാനായി നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങളും കോളനിക്കാര്‍ അറിഞ്ഞിട്ടില്ല.
എന്നാല്‍ കോളനി നിവാസികളധികം പേരും തേന്‍ ശേഖരണത്തിനും മറ്റുമായി വനം കയറുന്നതിനാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതികരണം.
ആരെങ്കിലും വന്നാല്‍ പോയി വോട്ടു ചെയ്യാന്‍ തയാറാണ്. തിരിച്ചറിയല്‍ കാര്‍ഡൊക്കെ തയാറാക്കി വച്ചിരിക്കുകയാണ്. പക്ഷേ ഇത്തവണ പട്ടികയില്‍ തങ്ങളുടെ പേരുണ്ടോയെന്ന് ഇവര്‍ക്ക് ഉറപ്പില്ല.