കോവിഡ് 19 സൃഷ്ടിക്കുന്ന ഭീതിയില്‍ വീടുകളിലേക്കു നമ്മുടെ ലോകം ചുരുങ്ങുമ്പോഴും സഹജീവികള്‍ക്കായി കര്‍മം ചെയ്യുന്നവരാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍. അവരുടെ മനസാന്നിധ്യവും സേവനവുമാണ് ഓരോ ജീവനേയും വൈറസിന്റെ പിടിയില്‍ നിന്നും വീണ്ടെടുക്കാൻ സഹായിക്കുന്നത്.
പ്രിയപ്പെട്ടവരില്‍ നിന്നെല്ലാം അകന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഒറ്റയ്ക്കാകുമ്പോള്‍ സാന്ത്വസ സ്പര്‍ശനവുമായി എത്തുന്നത്, ശുശ്രൂഷിക്കുന്നത്, കരുതുന്നത് ഭൂമിയിലെ മാലാഖമാര്‍ എന്നു വിളിക്കുന്ന നഴ്സുമാരാണ്.
ലോക്ഡൗണിലും അവര്‍ ഡ്യൂട്ടി ചെയ്യുകയാണ്. കടമ എന്നതിനപ്പുറം മഹത്തായ സേവനമായിട്ടാണ് നാം അതു കാണുന്നത്. സ്വന്ത ജീവനെ പോലും പണയപ്പെടുത്തി, കുടുംബവും കുട്ടികളുമായി വീടുകളില്‍ ചെലവഴിക്കാവുന്ന സമയവും സാഹചര്യങ്ങളും ത്യാഗം ചെയ്തു വേദനകളേയും ഒറ്റപ്പെടലിനേയും മറക്കാന്‍ പഠിപ്പിച്ച് ഓരോ രോഗിക്കും ശുഭാപ്തി വിശ്വാസം പകരുകയാണ് അവര്‍. രോഗം ഭേദമായി വീടുകളില്‍ തിരികെ എത്തുന്നവര്‍ പറയുന്നതും അവരുടെ സമര്‍പ്പണത്തെക്കുറിച്ചാണ്.
ലോക്ഡൗണിന്റെ ഈ സാഹചര്യത്തില്‍ നഴ്സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംഗീതത്തിലൂടെ ആദരമൊരുക്കുകയാണ് സംഗീത സംവിധായകന് ഡേവിഡ് ഷോണും സുഹൃത്തുക്കളും.
പല സ്ഥലത്തുള്ളവര്‍ ഓണ്‍ലൈനിലൂടെ സഹകരിച്ച് “ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍’ എന്ന പേരില്‍ ഒരു മ്യൂസിക് വീഡിയോ ആണ് ഒരുക്കിയിരിക്കുന്നത്.
ഡേവിഡ് ഷോണിന്റെ സംഗീത്തിനു വരികള്‍ ഒരുക്കിയിരിക്കുന്നത് ചലച്ചിത്ര ഗാനരചയിതാവായ ലിങ്കു ഏബ്രഹാമാണ്. ഡേവിഡ് ഷോണ്‍, സഞ്ജു ഡി. ഡേവിഡ്, ആന്‍സണ്‍ തോന്നിയാമല, കെസിയ എമി ഐസക്, പ്രെയ്സി എലിസബത്ത്, രാഖി നായര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും പാടി ഗാനം ഒരുക്കിയിരിക്കുന്നു.
ചെയ്യുന്ന ജോലിക്കു തുല്യമായ വേതനത്തിനുവേണ്ടി നിരത്തിലേക്കിറങ്ങേണ്ടി വന്ന നഴ്സുമാരെ കുറച്ചു നാള്മുൻപ് കണ്ടു. തന്റെ കുടുംബത്തിലുള്ളതിനേക്കാള് കൂടുതല്‍ സമയം ആശുപത്രികളില്‍ ചെലവഴിക്കുന്നവരാണ് അവർ. എന്നാല്‍ അവര്‍ക്ക് അര്‍ഹിച്ച പിന്തുണയോ അംഗീകാരമോ പലപ്പോഴും കിട്ടാറില്ല.
ഇന്നു കൊറോണ വൈറസ് നമ്മുടെ ജീവനു ഭീഷണിയാകുമ്പോള്‍ അവരുടെ ത്യാഗപൂര്‍ണമായ സേവനത്തെ നാം മനസിലാക്കുന്നു. നിപ വൈറസ് ബാധിച്ചപ്പോള്‍ സ്വന്ത ജീവനേക്കാള്‍ സഹജീവികളോടു കരുണ കാട്ടിയ നഴ്സ് ലിനിയെ മറക്കാനാകുമോ.
ഇത്തരത്തിലുള്ള പല ചിന്തകളില്‍ നിന്നുമാണ് നമ്മുടെ നഴ്സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടി ഒരു ഗാനം ചെയ്യണം എന്നു തോന്നുന്നതെന്ന് ഡേവിഡ് ഷോണ്‍ പറയുന്നു. 10 ദിവസം കൊണ്ടാണ് ഗാനം പൂര്‍ത്തീകരിച്ചു റിലീസ് ചെയ്തത്.
“നിങ്ങള്‍ വീടുകളില്‍ സുരക്ഷിതരായിരിക്കു, നിങ്ങളുടെ ഉറ്റവര്‍ക്കായി രാവും പകലും ഉണര്‍ന്നിരിക്കാന്‍ ഞങ്ങളുണ്ട്..’ എന്നു പറയുന്ന, ഭൂമിയിലെ മാലാഖമാര്‍ക്കു സമര്‍പ്പിച്ചാണ് മ്യൂസിക് വീഡിയോ അവസാനിക്കുന്നത്. ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍ എന്ന പേരില്‍ ഗാനം യൂട്യൂബില്‍ ലഭ്യമാണ്.