മഞ്ചേരി: പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നത് പതിവാക്കിയ യുവാവിനെയും ഇതിന് ഒത്താശ നൽകുന്ന മാതാവിനെയും മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജൂലൈ 15 വരെ റിമാൻഡ് ചെയ്തു.
കോഴിക്കോട് മൈക്കാവ് വേനപ്പാറ ഓമശേരി മൂലക്കടവത്ത് കല്ലറക്കപ്പറന്പ് ഷിബിൻ (23), മാതാവ് ആനന്ദം (46) എന്നിവരെയാണ് റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്.2017 ജൂണ്‍ 12നാണ് കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശിയായ 17 കാരിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് 2017 ജൂണ്‍ 23ന് പരപ്പനങ്ങാടിയിൽ വച്ച് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു ഇരുവരും.
സമാനമായ രീതിയിൽ മാനന്തവാടിയിൽ നിന്നും കാണാതായ മറ്റൊരു പെണ്‍കുട്ടിയെ വള്ളുവന്പ്രത്ത് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഷിബിനെയും മാതാവിനെയും കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹരിജൻ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ അമ്മക്കും മകനുമെതിരെ വാഴക്കാട്, കോടഞ്ചേരി പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.