മഞ്ചേരി: ഏഴു വയസുള്ള ആണ്കുട്ടിയുടെ മൂക്കിനു ചെയ്യേണ്ട ശസ്ത്രക്രിയ വയറ്റിൽ ചെയ്തെന്നു പരാതി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ സർജൻ ഡോ.സുരേഷിനെതിരേ രക്ഷിതാവ് ആരോഗ്യ വകുപ്പിനു പരാതി നൽകി. കരുവാരക്കുണ്ട് കേരളഎസ്റ്റേറ്റ് മഞ്ഞളപ്പാറയിലെ തയ്യിൽ മജീദിന്റെ മകൻ ഡാനിഷി(ഏഴ്)ന്റെ ശസ്ത്രക്രിയയാണ് മാറി ചെയ്തത്.
മൂക്കിൽ ദശ വന്നതിനെ തുടർന്നാണ് സീനിയർ സർജനായ ഡോ.സുരേഷിനെ കാണിച്ചത്. തിങ്കളാഴ്ചയാണ് ഡാനിഷിനെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദശ ഒഴിവാക്കാൻ മൂക്കിനായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്.
ശസ്ത്രക്രിയ ചെയ്ത ശേഷമാണ് ഹെർണിയയ്ക്കാണ് ശസ്ത്രക്രിയ ചെയ്തതെന്ന കാര്യം രക്ഷിതാവ് അറിയുന്നത്. വയറിനു താഴെ സ്റ്റിച്ച് കണ്ടപ്പോഴാണ് ശസ്ത്രക്രിയ മാറിയ കാര്യം അറിയുന്നത്.
മണ്ണാർക്കാട് സ്വദേശിയായ ആറര വയസുകാരൻ ധനുഷിന് ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയയാണ് ഡോക്ടറുടെയും തിയറ്റർ ജീവനക്കാരുടെയും അശ്രദ്ധമൂലം ഡാനിഷിന് മാറി ചെയ്തത്. ധനുഷിന് ഹെർണിയയ്ക്കായിരുന്നു ശസ്ത്രക്രിയ വേണ്ടിയിരുന്നത്. ഈ സമയം ഡാനിഷിനെ ശസ്ത്രക്രിയയ്ക്കായി ഇഎൻടി വിഭാഗം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴേക്കും ഡാനിഷിന് ഹെർണിയ ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞിരുന്നു. അശ്രദ്ധയോടെ കുട്ടികളുടെ റിക്കാർഡ് കൈകാര്യം ചെയ്ത ഡോക്ടറും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാണ് കുറ്റക്കാരെന്ന് ബന്ധുക്കൾ പറയുന്നു. അനസ്തേഷ്യ നൽകി കുട്ടികളെ തിയറ്ററിൽ പ്രവേശിപ്പിച്ചാൽ കൃത്യമായി പരിചരിക്കേണ്ട ഡോക്ടറും മറ്റു ജീവനക്കാരും വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ട്. പിഴവ് വന്നതോടെ ഡാനിഷിനെ വീണ്ടും ശരിയായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ മുസ്ലിം ലിഗ് മുനിസിപ്പൽ ഭാരവാഹികളായ വല്ലാഞ്ചിറ അബ്ദുൽ മജീദ്, കെ.കെ.ബി.മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ പ്രതിഷേധമറിയിച്ചു.