കാസർഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയുടെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തി മണ്ഡലത്തിലെ യുഡിഎഫ് ഭൂരിപക്ഷം. ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള ബിജെപിയേക്കാൾ 11,113 വോട്ടുകളാണ് യുഡിഎഫ് അധികം നേടിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനുമായുള്ള പോരാട്ടത്തിനൊടുവിൽ വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മുസ്ലിം ലീഗിലെ പി.ബി.അബ്ദുൾ റസാഖ് ഇവിടെ വിജയിച്ചത്. അബ്ദുൾ റസാഖിന്റെ നിര്യാണത്തെത്തുടർന്നാണ് മാസങ്ങൾക്കുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വോട്ടിലുണ്ടായ ഇടിവ് ബിജെപിക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. കന്നഡ ന്യൂനപക്ഷവിഭാഗമാണ് ബിജെപിയുടെ പ്രധാന വോട്ട് ബാങ്ക്. ഇതേവിഭാഗത്തിൽപ്പെട്ട രവീശതന്ത്രി കുണ്ടാറിനെ സ്ഥാനാർഥിയാക്കിയതിലൂടെ പാർട്ടി ഈ മേഖലയിൽ വലിയ മുന്നേറ്റമാണ് പ്രതീക്ഷിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ അവർക്ക് ഇവിടെ വെറും 323 വോട്ടുകൾ മാത്രമാണ് അധികമായി നേടാൻ കഴിഞ്ഞത്.