പാലോട്: കഴിഞ്ഞ അഞ്ച് വര്‍ഷമായി പാലോട്ടുകാര്‍ നടത്തുന്ന നിരന്തര സമരങ്ങളുടെ വിജയമാണ് അക്കേഷ്യാ, മാഞ്ചിയം എന്നീ മരങ്ങള്‍ നിരോധിച്ചു കൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപനം . വരുന്ന തലമുറക്ക് കരുതിവക്കാന്‍ അല്പം ശുദ്ധജലം, വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതിരിക്കാനായി അവര്‍ക്ക് സ്വസ്ഥമായ കാട് എന്നീ ആവശ്യങ്ങളുന്നയിച്ച് പാലോട് മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സന്നധ സംഘടനകളും കര്‍ഷക കൂട്ടായ്മകളും വലുതും ചെറുതുമായി നിരവധി സമരപരിപാടികളാണ് നടത്തിവന്നത്.
ഒറ്റപ്പെട്ട സമരങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏകോപിപ്പിക്കുകയും സമരം തെരുവിലേക്കും വനംവകുപ്പിന്റെ ഓഫീസിലേക്കും വ്യാപിക്കുകയും ചെയ്തു. സമരത്തിന് ഗ്രന്ഥശാലകള്‍ , ക്ലബുകള്‍, യുവജനസംഘടനകള്‍, കോളജ്,സ്കൂള്‍ വിദ്യാര്‍ഥികള്‍, എന്നിവര്മുന്നിട്ടിറങ്ങിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, വിതുര, തൊളിക്കോട് പഞ്ചായത്തുകള്‍ പാലോട് വനംറേഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പഞ്ചായത്തുകള്‍ വില്ലന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനെതിരെ പ്രമേയങ്ങള്‍ പാസാക്കി. സര്‍ക്കാരിനും വനംവകുപ്പിനും നല്കി. സ്വാഭാവിക വനങ്ങള്‍ വെട്ടി അക്കേഷ്യയും മാഞ്ചിയവും നട്ടു പിടിപ്പിച്ചതോടെ ആഹാരം നഷ്ടപ്പെട്ട വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി.
ആഹാരം തേടിയിറങ്ങിയ വന്യമൃഗങ്ങള്‍ വന്‍തോതില്‍ കൃഷിനശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകരാണ് സമരങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. അക്കേഷ്യയും മാഞ്ചിയവും വച്ചുപിടിപ്പിച്ച പ്രദേശങ്ങളില്‍ വന്‍തോതില്‍ കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. മലയോരങ്ങളും ഉള്‍വനങ്ങളും വെള്ളം കിട്ടാതെ വലഞ്ഞു.
കാട്ടാറുകള്‍ വറ്റിവരണ്ടു. ഇക്കാലത്തു നടന്ന പഠനങ്ങളെല്ലാം ഈ മരങ്ങള്‍ വന്‍തോതില്‍ വെള്ളം ഊറ്റിക്കുടിക്കുന്നു എന്ന് കണ്ടെത്തീരുന്നു. ഒടുവില്‍ വനം വകുപ്പും ഇത് അംഗീകരിച്ചതോടെയാണ് അക്കേഷ്യയും മാഞ്ചിയവും ഇനിവേണ്ടന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ കൊണ്ടെത്തിച്ചത്.
പാലോട് കേന്ദ്രീകരിച്ചു നടന്ന വില്ലന്മരങ്ങള്ക്കെതിരെയുള്ള സമരങ്ങള്‍ ഒടുവില്‍ ലക്ഷ്യം കാണുമ്പോള്‍ കേരളത്തിലെ അവശേഷിക്കുന്ന കാടിന്റെ സ്വാഭാവികതയാണ് മടങ്ങിവരുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ ഇനി അക്കേഷ്യാ,മാഞ്ചിയം മരങ്ങള്‍ വേണ്ടന്നാണ് സര്‍ക്കാര്‍പ്രഖ്യാപനം. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ അവ്യക്തതയുണ്ടന്ന് വനപാലകര്‍ പറയുന്നു. സര്‍ക്കാര്‍തന്നെ ലക്ഷങ്ങള്‍ ചെലവിട്ട് വച്ചുപിടിപ്പിച്ച നിലവിലുള്ള മരങ്ങള്‍ മുറുച്ചുമാറ്റുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.