കടുത്തുരുത്തി: ഏറ്റുമാനൂർ-കുറുപ്പന്തറ റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മാഞ്ഞൂർ-മള്ളിയൂർ-മണ്ണാറപ്പാറ ബൈപാസ് റോഡിൽ പാലം പൊളിച്ചു നീക്കുന്ന പണികൾ ആരംഭിച്ചു. പൊളിച്ചുപണിയുന്ന റെയിൽവേ മേൽപാലത്തിന്റെ ആദ്യഘട്ടം സമയബന്ധിതമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മാഞ്ഞൂർ മേൽപാലം ഇരട്ടപ്പാത റെയിൽവേ ഭാഗത്തിനു മുകളിൽ പൂർത്തിയാക്കാൻ ചുരുങ്ങിയത് ആറുമാസത്തെ സമയം വേണ്ടിവരുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്. തുടർന്ന് അപ്രോച്ച് റോഡിന്റെ നിർമാണം യാഥാർത്ഥ്യമാക്കാൻ മൂന്ന് മാസത്തെ സമയം കൂടി വേണ്ടിവരും. അപ്രോച്ച് റോഡ് നിർമിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.
ഇതിന് ആവശ്യമായ റിക്യുസിഷൻ പ്രൊപ്പോസൽ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം കോട്ടയം ജില്ലാ കളക്ടർക്ക് സമർപിച്ചിട്ടുണ്ടെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. പാലം നിർമാണം നടത്തുന്നതോടൊപ്പം അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പാലവും അപ്രോച്ച് റോഡും പൂർത്തിയാക്കി വാഹനഗതാഗതം പുനരാരംഭിക്കുന്നതിന് ഒന്പത് മാസത്തോളം വേണ്ടി വരും.
ആറ് മാസത്തിനുള്ളിൽ പാലം നിർമാണം അവസാനിച്ചാലുടനെ യാത്രക്കാർക്ക് ഇരുവശത്തേക്കും നടന്നുപോകാൻ കഴിയും. മൂന്നുമാസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കിയാൽ കാൽനടക്കാർക്ക് പ്രവേശിക്കാൻ കഴിയുന്ന സാഹചര്യം ലഭ്യമാക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.
മാഞ്ഞൂർ പാലം പൊളിക്കുന്പോൾ മെയിൻ റോഡ് നിരപ്പിൽ റെയിൽവേ ഇലക്ട്രിക് ലൈൻ നിലനിൽക്കുന്നതുകൊണ്ടും താഴെഭാഗത്ത് റെയിൽവേപാത ആയതുകൊണ്ടും ജനങ്ങളുടെ സുരക്ഷയെ കണക്കാക്കി ലൈൻ മുറിച്ചുകടന്ന് ബദൽ ക്രമീകരണം ഉണ്ടാക്കാൻ കഴിയില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
ഏപ്രിൽ, മെയ് മാസങ്ങളിലെ അവധിക്കാലത്ത് പരമാവധി നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 26, 27 തീയതികളിൽ ക്രെയിൻ ഉപയോഗിച്ചു പഴയപാലത്തിന്റെ ഓരോ ഭാഗവും കീറി നീക്കം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുടർന്ന് ഏപ്രിൽ ആദ്യവാരം പുതിയ പാലത്തിന്റെ കോണ്ക്രീറ്റ് ജോലികൾ ആരംഭിക്കും.
മാഞ്ഞൂരിലെ പഴയ പാലം പൊളിച്ചുമാറ്റി പുതിയതായി നിർമിക്കുന്ന മേൽപാലം 10.3 മീറ്റർ വീതിയിലും 37 മീറ്റർ നീളത്തിലുമാണ് നിർമിക്കുന്നത്. പാലത്തിന്റെ ഒരു വശത്ത് പൊതുജനങ്ങൾക്കായി നടപ്പാത നിർമിക്കും. സമീപത്തുള്ള ക്ഷേത്രത്തിലേക്ക് പോകാൻ ഇപ്പോഴുള്ള റോഡ് സൗകര്യം നിലനിർത്തും. പാലം പൊളിക്കുന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും തടസപെടും.