കടുത്തുരുത്തി: മാഞ്ഞൂർ റെയിൽവേ മേൽപാലം നിർമാണം പൂർത്തിയാകുന്നതും പ്രതീക്ഷിച്ചുള്ള നാട്ടുകാരുടെ കാത്തിരിപ്പ് വൈകൂന്നു. അക്കരെയിക്കരെ കടക്കാൻ വേറേ മാർഗമില്ലാതെ വലഞ്ഞ നാട്ടുകാർക്കായി താൽകാലികമായി റെയിൽവേ നടപ്പാത സ്ഥാപിച്ചു നൽകുകയായിരുന്നു. എന്നാൽ വിദ്യാർഥികളും പ്രായമായവരും ഉൾപെടെ ഇതിലൂടെ കടക്കാൻ ഏറേ പ്രയാസപ്പെടുന്ന സ്ഥിതിയാണ്. പാലം നിർമാണം പൂർത്തിയാകാൻ വൈകുന്നത് വ്യാപക പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്.
പാലം നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ ഒന്നും ആകാത്തതാണ് ഏറ്റുമാനൂർ-കുറുപ്പന്തറ റെയിൽവേ പാത ഇരട്ടിപ്പിക്കലിനോടുനുബന്ധിച്ചു മാഞ്ഞൂർ-മള്ളിയൂർ-മണ്ണാറപ്പാറ ബൈപാസ് റോഡിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിനുള്ള കാത്തിരിപ്പ് നീളാനിടയാക്കുന്നത്. മാഞ്ഞൂർ ജംഗ്ഷനും ശ്രീകണ്ടേശ്വരം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കണമെങ്കിൽ ഈ ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് നടത്തേണ്ടതുണ്ട്. 14 ഓളം ആളുകളുടെ ഭൂമിയാണ് അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ടത്.
റവന്യു വകുപ്പാണ് ഇതുമായി ബന്ധപെട്ട കാര്യങ്ങൾ പൂർത്തിയാക്കേണ്ടത്. ഇവരുടെ പ്രവർത്തനങ്ങൾ വൈകൂന്നതായി നേരത്തെ തന്നെ നാട്ടുകാർക്ക് ആക്ഷേപമുണ്ടായിരുന്നു. ഏറ്റെടുക്കേണ്ട ഭുമിയിൽ പകുതിയോളം പേരുടെ മാത്രമെ സർവ്വേ ഇക്കാലത്തിനിടെ നടപ്പാക്കിയിട്ടുള്ളു. റോഡിനായി ഏറ്റെടുക്കേണ്ട മുഴുവൻ സ്ഥലത്തിന്റെയും സർവ്വേ നടപടികൾ പൂർത്തിയാക്കേണ്ടതും വില നിശ്ചയിക്കേണ്ടതുമെല്ലാം റവന്യു വകുപ്പിന്റെ ചുമതലയിൽപെട്ട കാര്യങ്ങളാണ്.
ഇക്കാര്യങ്ങളിലൊന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റവന്യു വകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് പാലത്തിനായി സ്ഥലം നൽകേണ്ടവരും ചൂണ്ടികാണിക്കുന്നു. കാര്യങ്ങൾ വൈകൂന്നത് പാലത്തിന്റെ പൂർത്തീകരണം പ്രതീക്ഷിച്ചിരിക്കുന്ന നാട്ടുകാരടക്കമുള്ളവരുടെ കാത്തിരിപ്പ് നീട്ടുകയാണ്. മാഞ്ഞൂർ ജംഗ്ഷനിൽ നിന്നും ശ്രീകണ്ടേശ്വരം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിച്ചു ഗർഡറുകൾക്ക് മുകളിൽ ഷീറ്റുകൾ വിരിച്ചു കോണ്ക്രീറ്റിംഗും നടത്തിയിരുന്നു.
പഴയ പാലം പൊളിച്ചു നീക്കുകയും പുതിയ പാലം പൂർത്തിയാകുന്നത് വൈകൂകയും ചെയ്തതോടെ പ്രദേശത്തെ നൂറുകണക്കിനാളുകളാണ് ദുരിതത്തിലായിരിക്കുന്നത്. പുതിയതായി നിർമിക്കുന്ന മേൽപാലം 10.3 മീറ്റർ വീതിയിലും 37 മീറ്റർ നീളത്തിലുമാണ് നിർമിക്കുന്നത്. പാലത്തിന്റെ ഒരു വശത്ത് പൊതുജനങ്ങൾക്കായി നടപ്പാത നിർമിക്കും.