മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേത്രി മഞ്ജു വാര്യർ തമിഴ് സിനിമയിൽ അഭിനിയിക്കാനൊരുങ്ങുന്നതയി റിപ്പോർട്ടുകൾ. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റത്തെക്കുറിച്ച് വളരെ മുൻപു തന്നെ കേട്ടിരുന്നു. അരവിന്ദ് സാമി ചിത്രത്തിൽ നായികയായി താരം എത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതൊന്നും യാഥാർഥ്യമായില്ല. സ്ത്രീ പ്രാതിനിധ്യമുള്ള ചിത്രത്തിൽ മഞ്ജു വാര്യർ വേഷമിടുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അറിവഴഗൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തമിഴ് സിനിമയിൽ തുടക്കം കുറിക്കാനൊരുങ്ങുന്നത്.
കുറ്റം 23ന് ശേഷം പുറത്തിറക്കുന്ന ത്രില്ലർ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകനെന്ന് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്ത്രീ പ്രാതിനിധ്യമുള്ള ചിത്രമാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മഞ്ജുവിനെ സമീപിച്ചിരുന്നുവെന്നും താരത്തിന് കഥ ഇഷ്ടമായെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രമൊരുക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്നും വാർത്തയിൽ പറയുന്നു. ബി ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രമായ വില്ലനിലാണ് മഞ്ജു വാര്യർ ഒടുവിലായി അഭിനയിച്ചത്. കമൽ ചിത്രം ആമി, വിഎ ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ തുടങ്ങിയ സിനിമകളിലാണ് താരം ഇനി അഭിനയിക്കുന്നത്. മലയാളത്തിൽ സജീവമായ താരത്തിന്റെ തമിഴ് പ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.