ചുരുങ്ങിയ സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയ മികവ് മലയാളി പ്രേക്ഷകര്‍ക്ക് അറിവുള്ളതാണ്. അത്തരത്തില്‍ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന അഭിനയമാണ് മഞ്ജു വാര്യര്‍ സല്ലാപം എന്ന സിനിമയില്‍ കാഴ്ച വച്ചത്. നടിയെന്ന നിലയില്‍ മഞ്ജു ഒട്ടേറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ സിനിമയായിരുന്നു സല്ലാപം. കാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ മഞ്ജു അഭിനയിക്കുകയല്ല, മറിച്ച് കഥാപാത്രമായി ജീവിക്കുകയാണ് എന്ന് മലയാള സിനിമയിലെ അഭിനയ കുലപതിമാര്‍ പോലും പറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ മഞ്ജു ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ അക്കാലങ്ങളില്‍ പ്രചരിച്ചിരുന്നു. മഞ്ജു അവതരിപ്പിച്ചിരുന്ന കഥാപാത്രം ആത്മഹത്യയ്ക്ക്് ശ്രമിക്കുന്ന സീനില്‍ മഞ്ജു ശരിക്കും മരിക്കാനൊരുങ്ങുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍ പരന്നിരുന്നത്. എന്നാല്‍ അതിന്റെ സത്യാവസ്ഥ എന്തായിരുന്നു എന്ന് വ്യക്തമാക്കി മഞ്ജു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഒരു ചാനല്‍ പരിപാടിയില്‍ എത്തിയപ്പോഴാണ് മഞ്ജു വാര്യര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറ ഭാനുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയ വേദിയിലാണ് മഞ്ചുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടയില്‍ ട്രെയിനില്‍ തന്റെ മുടിനാര് തൊട്ടിരുന്നു. മനോജ് കെ ജയനാണ് അന്ന് തന്നെ രക്ഷിച്ചതെന്നാണ് മഞ്ജു വെളിപ്പെടുത്തിയത്. കാമുകന്‍ ശശികുമാറിനെ (ദിലീപ്) നഷ്ടപ്പെട്ട രാധ (മഞ്ജു വാര്യര്‍), അഭയമില്ലാതെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ഓടുകയാണ്. രക്ഷിക്കാന്‍ പിന്നാലെ ദിവാകരന്‍ (മനോജ് കെ ജയന്‍) ഓടിവരുന്നതാണ് ക്ലൈമാക്സിലെ രംഗം. എന്നാല്‍ കഥാപാത്രത്തെ മനസിലേയ്ക്ക് ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു അതേക്ക്ുറിച്ച് പിന്നീട് പറഞ്ഞത്. ട്രെയിന്‍ അരികത്ത് എത്തിയപ്പോഴാണ് മനോജ് കെ ജയന്‍ അപകടം തിരിച്ചറിഞ്ഞത്. മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ മനോജ് കെ ജയന്‍ പിടിച്ചുവച്ചു, എന്നിട്ടും അടങ്ങാതായപ്പോള്‍ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു. ആ ഷോട്ട് കഴിയുമ്പോഴേക്കും മഞ്ജു ബോധം കെട്ടു വീഴുകയും ചെയ്തു.