സൂപ്പർ ലേഡി എന്ന പേരിനൊപ്പം മഞ്ജുവിനെ ലേഡി മോഹൻലാൽ എന്ന് വിളിക്കുന്നവരുമുണ്ട്. ഈ വിളിയെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ മഞ്ജു വാര്യർ പ്രതികരിച്ചതിങ്ങനെ;
അത്തരം വിളികൾ എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ആ വിളി എനിക്ക് ഏറെ സന്തോഷം നൽകുന്നു. ഞാൻ ആ വിളി ആസ്വദിക്കുന്നു. ആ വിളി ആസ്വദിക്കുന്പോൾ തന്നെ, അതിനൊപ്പം വരുന്ന വലിയൊരു ഉത്തരവാദിത്വവും ഞാൻ തിരിച്ചറിയുന്നുണ്ട്. അതൊരു വെല്ലുവിളിയാണ്. ലേഡിമോഹൻലാൽ എന്നൊക്കെ വിളിക്കുന്പോൾ, ആപേരിന് മോശം വരുത്താത്ത രീതിയിലുള്ള സിനിമകൾ തെരഞ്ഞെടുക്കണം എന്നത് എന്റെ ഉത്തരവാദിത്വമാണ്- മഞ്ജു പറഞ്ഞു.
മലയാള സിനിമയിൽ ഏറെ കൈയടി നേടിയ താര ജോഡികളാണ് മഞ്ജു വാര്യരും മോഹൻലാലും. ആറാം തന്പുരാൻ എന്ന ചിത്രമാണ് ഈ കുട്ടുകെട്ടിനെ ഹിറ്റാക്കിയത്. തുടർന്ന് ചെയ്ത കന്മദവും വിജയം കണ്ടു. തിരിച്ചുവരവിൽ സത്യൻ അന്തിക്കാട് ഇരുവരെയും ഒന്നിപ്പിച്ച് എന്നും എപ്പോഴും എന്ന ചിത്രമൊരുക്കി.