കോട്ടയം: പൊന്പിള ഒരുമൈ പ്രവർത്തകരെ അപമാനിച്ച മന്ത്രി എം.എം.മണിക്കെതിരേ രൂക്ഷ വിമർശനവുമായി നടി മഞ്ജു വാര്യർ രംഗത്ത്. സ്ത്രീകൾക്കെതിരേ എന്തും പറയാമെന്ന രീതി ഉത്തരവാദിത്വ സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രി നടത്തുന്പോൾ സമൂഹത്തിന് എന്ത് സന്ദേശമാണ് അത് നൽകുന്നതെന്ന് മഞ്ജു ചോദിക്കുന്നു. ഫേസ്ബുക്കിലാണ് മഞ്ജുവിന്റെ വിമർശനം വന്നിരിക്കുന്നത്.
പൊന്പിള ഒരുമൈ പ്രവർത്തകർക്കെതിരായ മന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരുപാട് പേർ ഒപ്പം നിൽക്കുകയും ചെയ്ത പോരാട്ടമായിരുന്നു അവരുടേത്. അതിനെ ഏറ്റവും തരംതാഴ്ന്ന രീതിയിൽ പരിഹസിച്ചതിലൂടെയും പ്രവർത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നിൽകാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണ്. ഒരുപാട് ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ മന്ത്രിക്ക് എങ്ങനെയിങ്ങനെ പറയാൻ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും മഞ്ജു പറയുന്നു.