കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്ത നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ ഈ സ്വഭാവസവിശേഷത വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സിനിമാലോകത്തുനിന്ന് പ്രചരിക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നുകൂടി അറിയപ്പെടുന്ന മഞ്ജു കേന്ദ്ര കഥാപാത്രമാവുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ഉദാഹരണം സുജാത’. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഉദാഹരണം സുജാത ഒരുക്കുന്നത് നവാഗതനായ ഫാന്റം പ്രവീണ്‍ ആണ്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും, നടന്‍ ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. രാജാജി നഗര്‍ അതായത് ചെങ്കല്‍ ചൂളയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നഗരത്തിലെ ഒരു കോളനിയിലെ അന്തേവാസിയായ സുജാത എന്ന കഥാപാത്രമാണ് മഞ്ജുവിന്. തിരുവനന്തപുരം നഗരത്തിലെ ഒരു കോളനിയിലെ അന്തേവാസിയാണ് വിധവയായ സുജാത. മകള്‍ ആതിരയാണവളുടെ ലോകം. മകള്‍ക്കു വേണ്ടിയാണ് സുജാത ജീവിക്കുന്നത്. ദിവസവും നാലഞ്ചിടങ്ങളില്‍ ഒരു മണിക്കൂര്‍, ഒന്നര മണിക്കൂര്‍ വീതം പല പല തൊഴിലുകള്‍ ചെയ്ത്, കഠിനമായി അധ്വാനിച്ചാണവള്‍ വരുമാനം കണ്ടെത്തുന്നത്. ചുരുക്കത്തില്‍ വളരെ താഴ്ന്ന നിലയിലുള്ള ഒരു ചെറിയ കുടുംബം.
എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ അവളുടെയും, മകളുടെയും ജീവിതത്തില്‍ ചില മാറ്റങ്ങളുണ്ടാകുന്നു. ആ മാറ്റങ്ങളും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ഉദാഹരണം സുജാത ചര്‍ച്ചചെയ്യുന്നത്. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോഴേ മേക്കപ്പില്ലാതെ അഭിനയിക്കാം എന്ന തീരുമാനത്തിലായിരുന്നു മഞ്ജു. എന്നാല്‍ ചിത്രീകരണത്തിന് കോളനിയിലെത്തി അവിടുത്തെ സ്ത്രീകളെ കണ്ടപ്പോള്‍ കുറച്ച് ഡള്‍ മേക്കപ്പു കൂടി വേണം എന്നായി അവര്‍. അത് കഥാപാത്രത്തെ കൂടുതല്‍ സ്വാഭാവികമാക്കും. ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍, നഗരത്തിലെ ആള്‍ത്തിരക്കിനിടയില്‍ മഞ്ജു പങ്കെടുക്കുന്ന പല രംഗങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പുതിയ രൂപത്തില്‍ മഞ്ജുവിനെ ആരും പെട്ടെന്ന് തിരിച്ചറിയുന്നില്ല. കാമറയും, മറ്റ് സന്നാഹങ്ങളും കാണുമ്പോഴാണ് സിനിമാ ചിത്രീകരണമെന്ന് ജനം മനസ്സിലാക്കിയത്. നമ്മള്‍ അധികം ശ്രദ്ധിക്കാത്ത ജീവിതങ്ങളുടെ കഥയാണിത്. കോളനി അന്തേവാസിയായ ഒരു സ്ത്രീയുടെ ജീവിതം, അതിലെ ബുദ്ധിമുട്ടുകള്‍, അവരതിനെ മറികടക്കുന്ന രീതി അവരുടെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ ഒക്കെയാണ് ദൃശ്യവത്കരിക്കുക. കഥയുടെ ചര്‍ച്ചാ വേളയില്‍ തന്നെ സുജാത എന്ന കഥാപാത്രം മഞ്ജു വാര്യര്‍ അഭിനയിച്ചാലേ നന്നാകൂ എന്നു തോന്നി. ആദ്യ കാലങ്ങളില്‍ അവരഭിനയിച്ച തരത്തില്‍, ഒരു നടി എന്ന നിലയില്‍ അവരുടെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന സിനിമയാകും ഉദാഹരണം സുജാത. ഏറ്റവും സത്യസന്ധമായ ഒരു ഈ സിനിമ ചെയ്യുവാന്‍ ശ്രമിക്കുന്നു.” സംവിധായകന്‍ പ്രവീണ്‍ പറയുന്നു.