അജിത്ത് ജി. നായര്‍
നടിയെ ആക്രമിച്ച കേസില്‍ ശക്തമായ നിലപാടെടുത്ത മഞ്ജുവാര്യര്‍ കേസില്‍ നീതി നടപ്പാകാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരത്തിനൊരുങ്ങുന്നതായി സൂചന. സെക്രട്ടറിയേറ്റിന്റെ പടിക്കലാണ് മഞ്ജു നിരാഹാരം കിടക്കാനുദ്ദേശിക്കുന്നത്. മഞ്ജു സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ നിരാഹാര സമരം കിടന്നാല്‍ വീണ്ടുമൊരു ലോ അക്കാദമി മോഡല്‍ സമരത്തിനാണ് കളമൊരുങ്ങുക. കേവലം ഒരു കോളജ് സമരം മാത്രമാകുമായിരുന്ന ലോ അക്കാദമി സമരം ഇത്രമേല്‍ ജനകീയമാക്കുന്നതിനു വഴിമരുന്നിട്ടത് കോണ്‍ഗ്രസും ബിജെപിയും സമരം ഏറ്റെടുത്തതോടെയാണ്. സിപിഎമ്മിനെ അടിക്കാനുള്ള വടിയെന്നനിലയില് ബിജെപി നേതാവ് വി. മുരളീധരന് സത്യഗ്രഹത്തിനെത്തിയതോടെയാണ് കഥ മാറിയത്. സമരം സര്‍ക്കാരിന്റെ താത്പര്യത്തിനെതിരായിട്ടു കൂടി ഭരണമുന്നണിയില്‍ പെട്ട സിപിഐ ശക്തമായി സമരത്തില്‍ അണിചേര്‍ന്നു. സമരം പൊളിക്കാനായി ലോ അക്കാദമി മാനേജ്മെന്റ് കോളജ് അടച്ചിട്ടിട്ടും സിപിഐയും ബിജെപിയും കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭം നടത്തിയാണ് വിജയം കൈവരിച്ചത്.
ഇതേ പോലെ തന്നെ തട്ടിക്കൊണ്ടു പോയ നടിക്കു നീതി ലഭിക്കാന്‍ വേണ്ടിയുള്ള സമരത്തിലും ഇടപെടാനാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. സിപിഎമ്മിനെതിരേ രാഷ്ട്രീയ വിജയം നേടാനുള്ള ഈ അവസരത്തെ പ്രരമാവധി പ്രയോജനപ്പെടുത്താമെന്നും ബിജെപി നേതാക്കള്‍ കണക്കുകൂട്ടുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ ഫലമായി ദേശീയ വനിതാ കമ്മീഷന് സംഭവത്തില്‍ ഇടപെട്ടു. നേരിട്ടു ഹാജരാകാന്‍ ഡിജിപിയ്ക്കു നിര്‍ദ്ദേശവും നല്കി. കേന്ദ്രമന്ത്രിമാരും പ്രശ്നത്തില്‍ ഇടപെട്ടു. അടിത്തറ റെഡിയായിക്കഴിഞ്ഞു. ഇനി സമരം ചെയ്താല്‍ മതി. സിനിമാനടിയുടെ പേരിലാവുമ്പോള്‍ ജനശ്രദ്ധയാര്‍ജിക്കുകയും ചെയ്യും.
ഇനിയെല്ലാം മഞ്ജു വാര്യരുടെ കയ്യിലാണ്. മഞ്ജു നിരാഹാരം കിടന്നാല്‍ ബിജെപിയും സിപിഐയും കോണ്‍ഗ്രസും ഇടപെടുമെന്ന് ഏകദേശം ഉറപ്പാണ്. മഞ്ജുവിനോട് ഐക്യദാര്‍ഢ്യം ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ കളത്തിലിറങ്ങിയാല്‍ അത് സര്‍ക്കാരിനുണ്ടാക്കുന്ന ക്ഷീണം വളരെ വലുതായിരിക്കും. സര്‍ക്കാരിന്റെ അംബാസിഡറായി പ്രവര്‍ത്തിക്കുന്ന മഞ്ജു സര്‍ക്കാരിനെതിരായി സമരത്തിനിറങ്ങിയാലത്തെ കഥ പറയാനുണ്ടോ. മഞ്ജു സമരത്തിനിറങ്ങിയാല്‍ വീട്ടമ്മമാര്‍ അത് ഏറ്റെടുക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് ബിജെപി കണക്കുകൂട്ടുന്നു.
മാക്ടയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് സിപിഐ സമരത്തിനിറങ്ങുന്നതെന്നാണ് സൂചന. ഫെഫ്കയ്ക്കെതിരേ അഞ്ഞടിക്കാന്‍ കിട്ടിയ അവസരം ഒട്ടും വിട്ടുകളയാതെ മുതലാക്കുകയാണ് വിനയനും ബൈജു കൊട്ടാരക്കരയുമുള്പ്പെടെയുള്ള മാക്ട ഭാരവാഹികള്‍. വിനയനെ ഹോര്‍ട്ടികോര്‍പ്പിന്റെ തലപ്പത്തെത്തിച്ചത് കാനമാണ്. അതുകൊണ്ട് തന്നെ വിനയന് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടാല്‍ കാനവും സിപിഐയും മഞ്ജുവിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയേക്കും.