ബംഗളുരു: അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എ. മഞ്ജു തിങ്കളാഴ്ച ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചേക്കും. ഇതിനു മുന്നോടിയായി ശനിയാഴ്ച ഹാസനിലെ ബിജെപി എംഎൽഎ പ്രീതം ഗൗഡയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സുഹൃത്ത് എന്ന നിലയിലാണ് പ്രീതം ഗൗഡയെ കണ്ടതെന്നും തന്റെ അടുത്ത നീക്കം സംബന്ധിച്ച് ജില്ലയിലെ അനുയായികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. തന്റെ രാഷ്ട്രീയഭാവി സംബന്ധിച്ച് മഞ്ജു വൈകാതെ തന്നെ ഒരു തീരുമാനമെടുക്കുമെന്ന് പ്രീതം ഗൗഡ പറഞ്ഞു.
മഞ്ജുവിനെ ബിജെപിയിലേക്ക് ക്ഷണിച്ച അദ്ദേഹം ഹാസനിൽ പ്രജ്വൽ രേവണ്ണയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും ബിജെപി പ്രവർത്തകരും വരും ദിവസങ്ങളിൽ പാർട്ടിയിലേക്ക് എത്താനിരിക്കുന്നവരും വിജയത്തിനായി ഒരുമിച്ചു പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു.