തടികളും മറ്റും ഉപയോഗിച്ച് മനോഹരമായ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നയാളാണ് കാനഡക്കാരനായ സൈമണ്‍ ലാപ്രിസ്. തണുപ്പുകാരണം ഒരു പണിയും ചെയ്യാനാകാതെ മുറ്റത്ത് മഞ്ഞുവീഴുന്നതും നോക്കിനിൽക്കുന്പോഴാണ് അദ്ദേഹത്തിന്റെ തലയിൽ ഒരു ആശയം ഉദിച്ചത്. രാവിലെ മഞ്ഞ് നീക്കം ചെയ്യാനെത്തുന്ന ജോലിക്കാരെയും നാട്ടുകാരെയും ഒന്ന് പറ്റിക്കാം. ഇഷ്ടൻ തന്റെ പണി ആയുധങ്ങളുമായി റോഡിലേക്ക് ഇറങ്ങി. അവിടെ കൂടിക്കിടന്നിരുന്ന മഞ്ഞുകട്ടകളിൽ പണി ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഒരു കാറിന്റെ ജീവൻ തുടിക്കുന്ന രൂപം മഞ്ഞിൽ തീർത്തു.
ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു കാറ് മഞ്ഞിൽപ്പുതഞ്ഞ് കിടക്കുകയാണെന്നേ തോന്നു. രാവിലെ മഞ്ഞു നീക്കാൻ വരുന്നവർ അതൊരു കാറാണെന്നു കരുതുമെന്നും അങ്ങനെ അവരെ പറ്റിക്കാമെന്നുമൊക്ക കരുതി സൈമണ്‍ വീട്ടിലേക്ക് മടങ്ങി. കുറച്ചു കഴിഞ്ഞ് പുറത്തിറങ്ങിയ സൈമണ്‍ തന്റെ കാർ അവിടെത്തന്നെയുണ്ടോ എന്ന് പോയിനോക്കി. അപ്പോഴാണ് രസം. നോ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തതിന് കാറിനുമുകളിൽ ഒരു പോലീസുകാരൻ നോട്ടീസ് ഒട്ടിച്ചുകൊണ്ടിരിക്കുന്നു. സൈമണ്‍ ഉടൻതന്നെ പോലീസുകാരന്റെയടുത്തെത്തി കാര്യം പറഞ്ഞു. സൈമണിന്റെ ഭാഗ്യത്തിന് പോലീസുകാരൻ ഒരു കലാ ആസ്വാദകനായിരുന്നു. അദ്ദേഹം സൈമണിന്റെ കലാസൃഷ്ടിയെ അഭിനന്ദിച്ച് ഒരു കുറിപ്പും എഴുതി നൽകി.
എന്നാൽ പിറ്റേദിവസം മഞ്ഞുവാരിനീക്കാനെത്തിയ ജീവനക്കാർക്ക് ഒറ്റനോട്ടത്തിൽ കാറിലെ കള്ളത്തരം പിടികിട്ടി. അവർ ഒരു ദയയുമില്ലാതെ കാർ തല്ലിത്തകർത്ത് മഞ്ഞുംവാരിപ്പോയി.