കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോനെതിരേ പരാതിയുമായി നടി മഞ്ജു വാര്യർ. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നു കാട്ടി മഞ്ജു വാര്യർ ഡിജിപി ലോകനാഥ് ബെഹ്റയ്ക്കു പരാതി നൽകി. ലോക്നാഥ് ബെഹ്റയെ നേരിൽ കണ്ടാണു പരാതി നൽകിയത്.
ഒടിയനു ശേഷമുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാറാണെന്നും തന്റെ ലെറ്റർ ഹെഡും രേഖകളും ശ്രീകുമാർ മേനോൻ ദുരുപയോഗപ്പെടുത്തുമെന്നു ഭയമുണ്ടെന്നും മഞ്ജു പരാതിയിൽ ആരോപിച്ചു. തനിക്കെതിരേ ചിലർ സംഘടിതമായ ആക്രമണം നടത്തുന്നുണ്ടെന്നും മഞ്ജു പരാതിയിൽ ചൂണ്ടിക്കാട്ടി.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയനെതിരായ സൈബർ ആക്രമണം മഞ്ജു വാര്യരോടുള്ള ശത്രുത കൊണ്ടാണെന്ന് ശ്രീകുമാർ മേനോൻ ആരോപിച്ചിരുന്നു. മഞ്ജു വാര്യരുടെ രണ്ടാംവരവിനു നിമിത്തമായതാണു തനിക്കെതിരായ ആക്രമണത്തിനു കാരണമെന്നും ശ്രീകുമാർ കുറ്റപ്പെടുത്തി.