എ.ജെ.വിൻസൻ
പുള്ള്: സ്വന്തം ഗ്രാമമായ പുള്ളിൽ സിനിമാതാരം മഞ്ജുവാര്യരുടെ സഹായംകൊണ്ട് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പാവപ്പെട്ട അപ്പനാടത്ത് സുഭദ്രയ്ക്കു വീടൊരുങ്ങുന്നു. കഴിഞ്ഞദിവസം മഞ്ജുവാര്യരുടെ വീട്ടിൽവച്ച് ഇതിനായി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മഞ്ജു വാര്യർ കൈമാറി.
നവംബർ 26നു ചാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ലൈഫ് മിഷൻ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മഞ്ജു വാര്യർ നിർവഹിച്ചിരുന്നു. ലൈഫ് പദ്ധതിപ്രകാരം തന്റെ വാർഡിൽ വീടില്ലാത്ത അപ്പനാടത്ത് സുഭദ്രയ്ക്കു വീടു നല്കാൻ അഞ്ചു ലക്ഷം രൂപ സഹായം നല്കാമെന്നു മഞ്ജു വാര്യർ പ്രഖ്യാപിച്ചിരുന്നു. അപ്പോൾതന്നെ 10,000 രൂപയുടെ ചെക്കും ഗ്രാമപഞ്ചായത്ത് അധികൃതർക്കു നല്കി. ബാക്കിയുള്ള 4,90,000 രൂപയുടെ ചെക്ക് കഴിഞ്ഞദിവസം വീട്ടിൽവച്ച് നല്കി.
അപകടത്തെതുടർന്ന് കഴിഞ്ഞ ഓണക്കാലത്ത് ആലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽവച്ച് സുഭദ്രയുടെ ഭർത്താവ് കുമാരൻ മരിച്ചിരുന്നു. ഐഎവൈ പദ്ധതി പ്രകാരം കുറച്ചുനാൾ മുന്പ് പഞ്ചായത്തിൽനിന്ന് മൂന്നു ലക്ഷം രൂപ സുഭദ്രയ്ക്കു വീടുപണിക്കു നല്കിയിരുന്നു. ഇപ്പോൾ വീടിന്റെ വാർപ്പ് കഴിഞ്ഞു.
ഇനി വീടിന്റെ തേപ്പ് പണിയും വാതിലുകളുടെ പണിയും വയറിംഗുമെല്ലാം നടത്തണം. മഞ്ജുവാര്യർ നല്കിയ പണംകൊണ്ട് ഈ പണികൾ പൂർത്തീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷൻ പറഞ്ഞു.അപ്പനാടത്ത് സുഭദ്രയുടെ വീടിനുപുറമേ മഞ്ജുവാര്യരുടെ വാർഡിൽ മൂന്നു വീടുകൾകൂടി പൂർത്തീകരിക്കാൻ മുൻഗണന നല്കിയാണ് മഞ്ജു വാര്യർ ഫണ്ട് കൈമാറിയത്.
വാർഡിലെ പൂർത്തീകരിക്കാത്ത വീടുകളുടെ അവസ്ഥ വാർഡ് മെന്പർ പരമേശ്വരനാണ് മഞ്ജുവാര്യരുടെ ശ്രദ്ധയിൽപെടുത്തിയത്.സർക്കാർ പദ്ധതികളിലൂടെ വിവിധ കാരണങ്ങളാൽ ഭവനനിർമാണം പൂർത്തിയാകാത്ത 33 വീടുകളാണ് ചാഴൂർ ഗ്രാമപഞ്ചായത്തിലുള്ളത്.
മാർച്ച് 30നുള്ളിൽ ഇത്തരം വീടുകളുടെ പണികൾ പൂർത്തീകരിച്ചശേഷമാണ് ലൈഫ് പദ്ധതി പ്രകാരം പുതിയ വീടുകളുടെ ലിസ്റ്റ് പരിഗണിക്കുകയെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.