പ്രളയം വരുത്തിവച്ച ദുരന്തങ്ങളും ദുരിതങ്ങളും നേരിടുന്നതിനും അവയെ അതിജീവിക്കുന്നതിനും കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍, ആരംഭം മുതലേ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് നടി മഞ്ജു വാര്യര്‍. സമാനമായ രീതിയില്‍ പ്രളയക്കെടുതിയെ നേരിടുന്ന ആലപ്പുഴയെ സഹായിക്കാനായി സഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുകയാണിപ്പോള്‍ നടി. ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ ആരംഭിച്ച ഐ ആം ഫോര്‍ ആലപ്പി എന്ന സംരംഭത്തിനായി ഫേസ്ബുക്ക് ലൈവിലെത്തിയാണ് മഞ്ജു സഹായം അഭ്യര്‍ത്ഥിച്ചത്.
മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ..
‘മൂന്നുലക്ഷത്തിലധികം പേരെ ഭവനരഹിതരാക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത ഒരു മഹാപ്രളയമാണ് കടന്നുപോയത്. ആശുപത്രികളും വിദ്യാലയങ്ങളും തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രളയത്തില്‍ തകര്‍ന്ന പൊതുസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും പുനര്‍നിര്‍മിക്കാന്‍ ഒരു ക്യാംപെയിന് ആരംഭിച്ചിട്ടുണ്ട്. ഐ ആം ഫോര്‍ ആലപ്പി എന്നാണ് ഹാഷ്ടാഗ്. നിങ്ങള്‍ക്ക് നേരിട്ട് ഏറ്റെടുത്ത് റിപ്പയര്‍ ചെയ്യുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യാവുന്നതാണ്.
ഇതിനായി ആരംഭിച്ചിരിക്കുന്ന ഫേസ്ബുക്ക് പേജില്‍ പുനര്നിര്മിക്കേണ്ട സ്ഥാപനങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതാണ്. താത്പര്യമുള്ള വ്യക്തികളോ ഗ്രൂപ്പുകളെ സ്പോണ്സര് ആയി രജിസ്റ്റര്‍ ചെയ്യാനുള്ള ഫോം പേജില്‍ നിന്ന് ലഭിക്കുന്നതാണ്. ഈ പുനര്നിര്മാണപ്രവര്ത്തനത്തില് പങ്കാളിയാകാന്‍ നിങ്ങളെയും ക്ഷണിക്കുന്നു എന്നുപറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.