കുന്നമംഗലം: തങ്ങളുടെ പൊന്നോമനയായ മഞ്ജുവിന്റെ ജീവിതത്തിൽ പ്രകാശം പരത്താൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് പെരിങ്ങളം ചൊരങ്ങാടൻ വീട്ടിൽ സി.വി. മജീദും ഭാര്യ റംലയും.13 വർഷം മുന്പ് സ്വന്തം കുടുംബത്തിലേക്ക് വന്ന ഈങ്ങാപ്പുഴ പൂലോട് വീട്ടിൽ മാളു-രാഘവൻ ദമ്പതികളുടെ മകളായ മഞ്ജുവിനെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ച് അയയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഇവർക്ക് ചെറുതല്ല.
അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന മഞ്ജുവെന്ന കുഞ്ഞുകുട്ടിയെ കൂടെ കൂട്ടി, പിന്നെ സ്വന്തം മക്കളായ സുലൈഖ,സുമയ്യ,ജുനൈദ് എന്നിവർക്കൊപ്പം വളർത്തി സ്നേഹമാണ് തന്റെ മതമെന്ന് ഊട്ടി ഉറപ്പിക്കുകയായിരുന്നു മജീദും കുടുംബവും.
കെഎസ്ആർടിസിയിൽ നിന്ന് റിട്ടയർ ചെയ്ത മജീദിന്റെ ഭാര്യവീടായ ഈങ്ങാപ്പുഴ തറവട്ടത്ത് കരണിച്ചാൽ തറവാട്ടിൽ ജോലിക്ക് വരുമായിരുന്ന പൂലോട് വീട്ടിൽ മാളുവിന്റെയും രാഘവന്റെയും മകൾ മഞ്ജുവിനോട് തോന്നിയ വാത്സല്യം പത്താമത്തെ വയസിൽ ആ കൊച്ചു മിടുക്കിയെ കൂടെ ചേർത്ത് പിടിക്കാൻ കാരണമായി.
പിന്നീടുള്ള 13 വർഷങ്ങൾ അവൾക്കു ജീവിക്കാൻ വേണ്ട സാഹചര്യങ്ങൾ മാതാപിതാക്കളുടെ സ്ഥാനത്തിരുന്നു മജീദും ഭാര്യ റംലയും സാധിച്ചു നൽകി. പഠനത്തിൽ മിടുക്കിയായ മഞ്ജുവിനെ ഹയർ സെക്കൻഡറി പഠനത്തിനുശേഷം എംഎൽടിയ്ക്ക് പഠിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളജിൽ പരിശീലനം. ശേഷം കിംസിലും കിസ്വയുലുമൊക്കെ ജോലി ചെയ്തെങ്കിലും തുടരാൻ സാധിച്ചില്ല.
മഞ്ജുവിനെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചയയ്ക്കണമെന്ന് ആഗ്രഹമായിരുന്നു മജീദിനും റംലയ്ക്കും ബാക്കിയുണ്ടായിരുന്നത്. ഈ ആഗ്രഹവും ഇന്നലെ പൂവണിഞ്ഞു. ഹൈന്ദവ മതാചാര പ്രകാരമായിരുന്നു വിവാഹം.
ഇന്നലെ രാവിലെ 10.30നും 11നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കൂഴക്കോട് ധന്വന്തരി നരസിംഹ ക്ഷേത്രത്തിൽ വച്ച് ചാത്തമംഗലം കൂഴക്കോട് സ്വദേശി സുബ്രഹ്മണ്യൻ ആണ് മഞ്ജുവിനെ ജീവിത സഖിയായി സ്വീകരിച്ചത്.
വെള്ളിയാഴ്ച ഇവരുടെ വീട്ടിൽ മൈലാഞ്ചി കല്യാണവും പ്രാർഥനയും വിവാഹ സത്കാരവും ഒരുക്കിയിരുന്നു. നാടിന്റെ ഉത്സവമായി മാറിയ വിവാഹത്തിൽ പങ്കെടുക്കാൻ ജനപ്രവാഹമായിരുന്നു.