തൃശൂർ: സാജിദ് യഹിയ സംവിധാനം ചെയ്ത മോഹൻലാൽ എന്ന ചിത്രത്തിന്റെ റിലീസിനു സ്റ്റേ. സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാറിന്റെ ഹർജിയിൽ തൃശൂർ ജില്ലാ കോടതിയുടേതാണ് ഉത്തരവ്.
“മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥാസമാഹാരത്തെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് കലവൂരിന്റെ ആരോപണം. പകർപ്പാവകാശം നിയമം അനുസരിച്ചാണ് കലവൂർ കോടതിയെ സമീപിച്ചത്. 2005ൽ പ്രസിദ്ധീകരിച്ച കഥയാണിത്. 2006ൽ പുസ്തകരൂപത്തിൽ ആദ്യ എഡിഷൻ പുറത്തിറക്കി. 2012 ൽ രണ്ടാമത്തെ എഡിഷനും ഇറക്കിയെന്നാണ് കലവൂർ പറയുന്നത്.
മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരാണ് മോഹൻലാലിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. മോഹൻലാൽ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത്. ഈ മാസം പതിമൂന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.