നെടുങ്കണ്ടം: വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വയംസഹായ സംഘങ്ങളിൽ നിന്നും പണം തട്ടിയതിനു പിന്നിൽ വൻ സംഘമെന്ന് സൂചന. ഇതിനോടകം പ്രതികൾ തട്ടിയെടുത്തത് ഒരു കോടി രൂപയ്ക്കു മേലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള സ്ഥാപന ഉടമ കുമാറിനെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ പൂർണ രൂപം വ്യക്തമാകുകയുള്ളെന്ന് പോലീസ് പറഞ്ഞു. ആയിരത്തോളം പേരിൽ നിന്നും വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം .
കൂടാതെ പ്രതികൾ സമാന രീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയോയെന്ന അന്വേഷണത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ തോണക്കാട് മഞ്ഞപ്പള്ളിൽ ശാലിനി ഹരിദാസ്(43), തൂക്കുപാലം മുരുകൻപാറ വെന്നിപ്പറന്പിൽ മഞ്ജു(33) എന്നിവരെ കഴിഞ്ഞ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒന്നാം പ്രതി കുമാറിന്റെ ഭാര്യയെന്ന വ്യാജേന സ്ഥാപനത്തിന്റെ എംഡിയാണെന്ന് പരിചയപ്പെടുത്തിയ ശാലിനിയാണ് ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ശാലിനിയുടെ പക്കൽ നിന്ന് 1.15 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മഞ്ജു ഫൈനാൻസ് സ്ഥാപനത്തിന്റെ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും.
സ്വാശ്രയ സംഘങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്താണ് തൂക്കുപാലം -പുഷ്പക്കണ്ടം റോഡിൽ പ്രവർത്തിക്കുന്ന ഹരിതാ ഫൈനാൻസ് എന്ന സ്ഥാപനം ലക്ഷങ്ങൾ തട്ടിയെടുത്തത്. മാസങ്ങൾ കഴിഞ്ഞിട്ടും വായ്പ ലഭിക്കാതെയായതോടെ കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ചെത്തി ബഹളം വച്ചതിനെത്തുടർന്ന് പോലീസെത്തി സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ ജനുവരി മുതൽ സ്ഥാപനത്തിലെ ജീവനക്കാർ വീടുകളിലെത്തി മൈക്രോഫിനാൻസ് പദ്ധതിയിൽ ആളുകളെ ചേർത്തിരുന്നു.
15 ദിവസം മുന്പാണ് തൂക്കുപാലത്ത് ഓഫീസ് ആരംഭിച്ചത്. അഞ്ചുപേരടങ്ങുന്ന ജെഎൽജി സംഘങ്ങൾ രൂപീകരിച്ച് ഇവർക്ക് ഒരുലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വായ്പ നൽകുമെന്നായിരുന്നു വാഗ്ദാനം. വായ്പ തരപ്പെടുത്തുന്നതിന്റെ പ്രാഥമിക ചെലവുകൾക്കായി 1000 രൂപ മുതൽ 5000 രൂപ വരെ ഓരോ വ്യക്തിയിൽ നിന്നും വാങ്ങുകയായിരുന്നു. 1000 രൂപ അടയ്ക്കുന്നവർക്ക് ഒരു ലക്ഷം രൂപ വായ്പയും കൂടുതൽ അടയ്ക്കുന്നവർക്ക് ലക്ഷങ്ങൾ നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്.
ആയിരത്തിന്റെ ഗുണിതങ്ങൾ അനുസരിച്ച് വായ്പാ തുകയിലും വർധനവ് വരും.ആദ്യ പടിയായി സർവീസ് ചാർജെന്ന പേരിൽ വാങ്ങുന്ന തുകയ്ക്ക് രസീതും നൽകിയിരുന്നു. ഓരോ അംഗങ്ങളുടെയും ഫോട്ടോ, ആധാർ, പാസ്ബുക്ക് എന്നിവയുടെ കോപ്പിയും ചെക്ക് ലീഫും സംഘത്തിലെ ഒരാളുടെ പാൻ കാർഡ് എന്നിവയാണ് ഈടായി വാങ്ങുന്നത്. കുറഞ്ഞ പലിശനിരക്കിലാണ് വായ്പ വാഗ്ദാനം ചെയ്തത്. 36 പ്രതിമാസ തവണകൾ കൊണ്ട് തുക തിരിച്ചടയ്ക്കണം എന്നതായിരുന്നു വ്യവസ്ഥ.
വീടുകൾ തോറും കയറിയിറങ്ങി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു ജനങ്ങളെ വലയിൽ വീഴ്ത്തിയത്. ഇവരുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് പലരും കൂടുതൽ ആളുകളെ കൂട്ടി സംഘം രൂപീകരിച്ച് പണം നൽകുകയായിരുന്നു.എന്നാൽ പണമടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വായ്പത്തുക ലഭിക്കാത്തതിനെത്തുടർന്ന് സ്ഥാപനത്തിൽ എത്തി ചോദ്യം ചെയ്തവരെ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.
പറഞ്ഞ അവധികൾക്ക് ശേഷവും പണം ലഭിക്കാതായതിനെത്തുടർന്നാണ് നാട്ടുകാർ സംഘടിച്ച് സ്ഥാപനത്തിലെത്തി ബഹളം വച്ചത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് എത്തിയ പോലീസ് സ്ഥാപനം അടച്ചുപൂട്ടുകയും ഉടമയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സ്ഥാപനത്തിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ഒട്ടേറെ രേഖകൾ പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം കൂടുതൽ പേർ പരാതിയുമായി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തി. കട്ടപ്പന ഡിവൈഎസ്പി പി.പി ഷംസ്, നെടുങ്കണ്ടം എസ്ഐ കെ.എ സാബു, എഎസ്ഐമാരായ റോയി വർഗീസ്, രാജേന്ദ്രക്കുറുപ്പ്, സി.ബി റെജിമോൻ, എസ് സിപിഒ ബിജു ലൂക്കോസ്, നിയാസ്, ഗീതു ഗോപിനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.