അച്ഛന് നാഗർകോവിൽ ജോലിയുള്ള കാലം. ഞാൻ മാത്രമായെരു ക്ലാസിലെ ഒരേയൊരു മലയാളി കുട്ടി. എൽകെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയം. ക്ലാസ് മുറികൾ വീടുകളിലെ പോലെ ഫുൾ ക്ലോസ്ഡ് ആണ്.
എന്റെ ക്ലാസിന് മാത്രം രണ്ടു വാതിലുകൾ ഉണ്ടായിരുന്നു. ഒന്ന് അപ്പുറത്തെ ക്ലാസിലേക്ക് കയറാവുന്നതാണ്. ഒരു ദിവസം നോക്കുന്പോൾ ആ വാതിലിൽ ഒരു ചെറിയ തുള കണ്ടു.
എന്നാൽ അതെന്താണെന്ന് ഒന്ന് അറിയണമല്ലോ എന്ന് കരുതി വാതിലിനോട് ചേർത്ത് കണ്ണ് വച്ചു നോക്കി.എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല.
ഈ സമയം, അപ്പുറത്തെ സൈഡിൽ നിന്നും ആരോ വാതിൽ തള്ളി തുറന്നു. വാതിൽപ്പാളി വന്ന് അടിച്ചത് നേരെ തന്റെ നെറ്റിയിൽ. വെള്ള ഷർട്ടിൽ ചോരയൊഴുകുന്നു.
ഏകദേശം ഉച്ച സമയമായത് കൊണ്ട് നന്നായി തന്നെ ചോര വന്നു. അപ്പോഴേക്കും ടീച്ചർമാരൊക്കെ ഓടി വന്നു. ആരോ അമ്മയെ വിളിച്ചു, അങ്ങനെ നേരെ ആശുപത്രിയിൽ പോയി തുന്നിക്കെട്ടി.
ആ പാടാണ് കാലമിത്ര കഴിഞ്ഞിട്ടും നെറ്റിയിൽ ഉള്ളത്. എത്ര ഒരുങ്ങിയാലും, മായാത്ത മുദ്ര. -മഞ്ജു വാര്യർ