തിരുവനനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമെന്ന് നടി മഞ്ജു വാര്യര്‍. ഡ്രൈവറെ വിലയ്ക്കെടുത്ത് നടിയെ അപമാനിക്കുക നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്നും മഞ്ജു തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഈ കേസ് ഒതുക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും ഇതിലൊന്നും ഭയപ്പെടാതെ മുമ്പോട്ടു തന്നെ പോകുമെന്നും മഞ്ജു പറയുന്നു.
സംഭവം ഗൂഢാലോചനയുടെ ബാക്കിപത്രമാണെന്ന് ആവര്‍ത്തിച്ച മഞ്ജു ആ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്നും മാധ്യമങ്ങള്‍ക്ക് എഴുതി നല്കിയ ലേഖനത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആദ്യമേതന്നെ ആരോപിച്ചിരുന്നു. സംഭവം ക്വട്ടേഷനായിരുന്നുവെന്ന് ആക്രമണത്തിനിരയായ നടി മൊഴിനല്കിയതോടെയാണ് മഞ്ജുവിന്റെ വാക്കുകള്‍ വീണ്ടും പ്രസക്തമായത്. സംഭവത്തിനു പിന്നില്‍ സിനിമാ രംഗത്തു നിന്നു തന്നെയുള്ള എതിരാളികളാണെന്ന് തന്റെ ലേഖനത്തിലൂടെ മഞ്ജു വ്യക്തമാക്കുകയാണ്.
തന്റെ സുഹൃത്തായ നടിയ്ക്കേതിരേയുണ്ടായ ആക്രമണം കരുതിക്കൂട്ടിയ ഒരുക്കിയ കെണിയായിരുന്നു, ഡ്രൈവറെ വിലയ്ക്കെടുക്കുക, ഒറ്റയ്ക്കാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക, പിന്തുടരുക, റോഡില്‍ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചുകയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിലിങ്ങിന് ശ്രമിക്കുകയും ചെയ്യുക. ഇങ്ങനെ പലവിധങ്ങളായ തിരക്കഥകളുടെ സംയോജന ഫലമായാണ് സംഭവം നടന്നത്. അതുകൊണ്ടാണ് സംഭത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് പറയുന്നത്. സര്‍ക്കാരിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണവിശ്വാസമുണ്ട്. നീതിയ്ക്കായുള്ള പോരാട്ടത്തില്‍ സുഹൃത്തായ യുവനടിയ്ക്കൊപ്പം ഉറച്ചു നില്‍ക്കാനാണ് തന്റെ തീരുമാനമെന്നും മഞ്ജു വ്യക്തമാക്കി.