മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരേ ഒരു നടിയേയുള്ളു; മഞ്ജു വാര്യ തന്നെ. വിവാഹമോചിതയായശേഷമുള്ള രണ്ടാംവരവില്‍ കൈനിറയെ ചിത്രങ്ങളാണ് നടിയെ തേടിയെത്തിയത്. മടങ്ങിവരവില്‍ ഹൗഓള്‍ഡ് ആര് യു എന്ന ഹിറ്റ് ചിത്രത്തിന് ലഭിച്ച സ്വീകാര്യത പിന്നീടുള്ള സിനിമകള്‍ക്ക് ലഭിച്ചില്ലതാനും. എന്നാല്‍ പല സംവിധായകരും നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകളൊരുക്കി മഞ്ജുവിന് ഇടംനല്കുകയും ചെയ്തു. ഇപ്പോഴിതാ സിനിമമേഖലയില്‍ നിന്ന് ലഭിക്കുന്നത് മറ്റൊരു വാര്‍ത്തയാണ്. മഞ്ജുവിന് സിനിമയില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയെന്നാണ് വാര്‍ത്ത. എന്താണ് ഈ വാര്‍ത്തയ്ക്കു പിന്നിലെ സത്യം.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരുമായും രാഷ്ട്രദീപികഡോട്ട്കോം പ്രതിനിധി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മഞ്ജുവിന് വിലക്കുണ്ടെന്ന വാര്‍ത്തയില്‍ യാതൊരു വാസ്തവവുമില്ലെന്നാണ് അവര്‍ പറയുന്നത്. ഒരു യുവസംവിധായകന്റെ ചിത്രത്തില്‍നിന്ന് നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരം നടിയെ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വ്യത്യസ്തമായൊരു മറുപടിയാണ് സംവിധായകന് നല്‍കിയത്. ചിത്രത്തിലേക്ക് മഞ്ജുവിനെ ക്ഷണിച്ചിരുന്നുവെന്നത് ശരിയാണെന്നും കഥ കേട്ട മഞ്ജു ഈ റോളില്‍ തന്നെക്കാള്‍ യോജിക്കുന്ന മറ്റൊരു നടിയാണെന്നു നിര്ദേശിക്കുകയായിരുന്നുവത്രേ. മഞ്ജു പറഞ്ഞ നടിയെ റോളിലേക്ക് നിശ്ചയിക്കുകയും സിനിമയുടെ പൂജ നടത്തുകയും ചെയ്തു. മറ്റു തരത്തിലുള്ള വാര്‍ത്തകള്‍ സത്യമല്ലെന്നും സംവിധായകന് പറയുന്നു.
മുന്‍ ഭര്‍ത്താവായ ദിലീപാണ് മഞ്ജുവിന്റെ വിലക്കിനു പിന്നിലെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വാരിവലിച്ചു സിനിമ ചെയ്യുന്നതില്‍ നിന്നു മഞ്ജു സ്വയംമാറി നില്‍ക്കുന്നതാണെന്നും അഭിനയസാധ്യതയുള്ള റോളുകള്‍ മാത്രമേ സ്വീകരിക്കൂവെന്നും നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമി, ബി ഉണ്ണികൃഷ്ണന്-മോഹന്‍ലാല്‍ ടീമിന്റെ വില്ലന്‍, വി.എ. ശ്രീകുമാര്‍ മേനോന്റെ ഒടിയന് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായി എത്തുന്നത് മഞ്ജുവാണ്. അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്ത ആരുടെയോ സൃഷ്ടിയാണെന്നത് അതുകൊണ്ട് തന്നെ വ്യക്തം.