നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായേക്കാവുന്നു മൊഴിയുമായി ദൃക്സാക്ഷി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിന് ഉത്തരമായ സാക്ഷിമൊഴിയാണ് പുറത്തു വന്നത്.
അതേസമയം കേസില്‍ നിര്‍ണായകമാകേണ്ട തെളിവ് നടി മഞ്ജു നശിപ്പിച്ചെന്നുമാണ് മൊഴിയില്‍ വ്യക്തമാക്കുന്നത്.
ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന ഫോണ്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായാണ് ഒരു സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്.
മൊഴികളുടെ വസ്തുത ബോധ്യപ്പെടാന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന്‍ മഞ്ജു വാര്യറും തയാറായാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകും.
പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.
തുടര്‍ന്ന് മഞ്ജു ഈ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തു.ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയിലുണ്ട്.
ഇതാണ് ദിലീപിന് അതിജീവിതയോട് കടുത്ത വൈരാഗ്യം തോന്നിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു വാരിയര്‍ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു.
മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ടു നടി കാവ്യ മാധവന്റെ ബാങ്ക് ലോക്കര്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഈ ബാങ്ക് ലോക്കര്‍ കാലിയായിരുന്നെന്നാണു വിവരം. ബാങ്കിലെ രേഖകള്‍ പ്രകാരം ഒരിക്കല്‍ മാത്രമാണു കാവ്യ മാധവന് ബാങ്കിലെത്തി ലോക്കര്‍ തുറന്നിട്ടുള്ളത്. നടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമാണു ലോക്കര്‍ തുറന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ചോദ്യം ചെയ്യലില്‍ കാവ്യ നല്കിയ മൊഴികളില്‍ ചില പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യക്കും മുന്‍ വൈരാഗ്യമുണ്ടായിരുന്നു എങ്കില്‍ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്.
എന്നാല്‍ തുടരന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ കാവ്യയുടെ മൊഴി നിര്‍ണായകമാണെങ്കില്‍ മാത്രം വീണ്ടും ചോദ്യം ചെയ്താല്‍ മതിയെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിലപാട്.
ഒരുമാസം നീണ്ട് നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കാവ്യമാധവനെ ക്രൈംബ്രാഞ്ച് സംഘമെത്തി ചോദ്യം ചെയ്തത്.
സാക്ഷിയായതുകൊണ്ട് തന്നെ മൊഴിയെടുക്കാന്‍ വീട്ടില്‍ എത്തണമെന്ന് കാവ്യാമാധവന് അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ എസ് പി സുദര്‍ശനും ബൈജു പൗലോസും, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എസ്പി മോഹന ചന്ദ്രനുമാണ് ഒരുമിച്ച് ദിലീപിന്റെ വീട്ടില്‍ എത്തിയതും കാവ്യയെ ചോദ്യം ചെയ്തതും.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെയും ഒപ്പം കാവ്യയുടെ ജീവനക്കാരനായിരുന്ന സാഗറിന്റെ മൊഴികളാണ് കാവ്യക്ക് തിരിച്ചടിയായത്.
വധ ഗൂഢാലചന കേസില്‍ അന്വേഷണ സംഘത്തിന് ലഭിച്ച ഫോണ്‍ രേഖകളും ഡിജിറ്റല്‍ തെളിവുകളും കാവ്യക്ക് പ്രശ്നമാണ്.
കേസില്‍ ഇതു വരെ സാക്ഷിയായ കാവ്യ മൊഴിയെടുക്കലിന് ശേഷം പ്രതിയാക്കപ്പെടുമോ എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. മുമ്പ് രണ്ട് തവണ കാവ്യക്ക് ചോദ്യം ചെയ്യലില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.
ഒരു തവണ സ്ഥലത്ത് ഇല്ല എന്ന അറിയിച്ചും രണ്ടാം തവണ ആലുവയില്‍ വീട്ടില്‍ മാത്രമെ മൊഴിയെടുക്കലിനോട് സഹകരിക്കാന്‍ കഴിയൂ എന്നും കാവ്യ നിലപാട് എടുത്തു.
മൂന്നാമത്തെ നോട്ടീസിലാണ് കാവ്യയുടെ വീട്ടിലേക്ക് തന്നെ എത്താന്‍ അന്വേഷണ സംഘങ്ങള്‍ തിരുമാനിച്ചത്.
ശബ്ദരേഖകളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലി വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴികള്‍ കാവ്യ നിഷേധിക്കുകയായിരുന്നു. എന്തായാലും ഇനി നിര്‍ണായകമാവുക മഞ്ജു വാര്യരുടെ മൊഴിയാവും.