മഞ്ജുവാര്യരുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെ അവസാനിച്ചിട്ടില്ല. മഞ്ജുവാര്യരുടെ ചിത്രത്തെക്കുറിച്ച് പലരും പലതരം കാഴ്ചപ്പാടുകളാണ് പങ്കുവയ്ക്കുന്നത്.
സിനിമകളെ കുറിച്ച് ചർച്ച ചെയ്യുന്ന സിനിമാ പാരഡിസോ ക്ലബിൽ വന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
മഞ്ജുവാര്യരുടെ ചിത്രവും ആത്മവിശ്വാസമായി കൂട്ടിക്കുഴക്കുമ്പോൾ പൊതുസൗന്ദര്യബോധപ്രകാരം ആവാൻ പറ്റാത്തവർക്ക് ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാക്കുകയല്ലേ അത് ചെയ്യുന്നതെന്നാണ് ചോദ്യം. മഞ്ജു വാര്യർ പ്രചോദനമാകുന്നത് അവരുടെ തീരുമാനങ്ങളിലൂടെയാണെന്നും പോസ്റ്റിൽ പറയുന്നു. ലാൽ ചന്ദ് എന്നയാളാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം
അല്ലെങ്കിൽ തന്നെ ഒന്ന് പുറത്ത് പോവണമെങ്കിൽ അര മണിക്കൂർ മേക്കപ്പ് നിർബന്ധമായ തന്റെ കൂട്ടുകാരി ഇന്ന് പക്ഷേ ഒരു മണിക്കൂർ ആയിട്ടും മേക്കപ്പ് കഴിയാത്തപ്പോ ദേഷ്യം വന്ന റൂംമേറ്റ് അവളോട് കാരണമന്വേഷിച്ചു.
“എടി ഇന്ന് മനു വരുന്നുണ്ട്. മേക്കപ്പ് ഇല്ലാതെ അവനെന്നെ കണ്ടാൽ അവനെന്നെ ഉപേക്ഷിച്ചു പോവ്വും” ഈ ഒരുങ്ങുന്ന കുട്ടിയുടെ 3 വർഷമായിട്ടുള്ള കാമുകനാണ് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന മനു.
എന്നും രാത്രി വീഡിയോ കാൾ വിളിച്ചു മണിക്കൂറുകളോളം സംസാരിക്കാറുള്ളവർ പല തവണ കണ്ടിട്ടുള്ളവർ.
ജീവിതത്തിലെ പല നിർണായക സന്ദർഭത്തിലും തീരുമാനമെടുക്കാൻ സഹായിച്ചിട്ടുള്ളവർ. അങ്ങനെ ഉള്ള കാമുകികാമുകന്മാർ ആണ് ഇവർ.
എന്റെ ഈ കൂട്ടുകാരി ഈ കഥ എന്നോട് ആദ്യം പറഞ്ഞപ്പോൾ ഇതെന്നിലൊരു ഞെട്ടൽ ആണുണ്ടാക്കിയത്.
അവനെ വീഡിയോ കാൾ വിളിക്കാൻ വരെ ഇവൾ മേക്കപ്പ് ഇടാറുണ്ടെന്ന കാര്യമൊക്കെ പറയുന്നത് പിന്നീടാണ്. കൂട്ടുകാരിക്ക് ഇവളോട് സഹതാപം ആയിരുന്നു.
പക്ഷേ എനിക്ക് സഹതാപം തോന്നിയത് അവനോടായിരുന്നു. “സൗന്ദര്യം” കാണുന്നവന്റെ കണ്ണിലാണെന്നൊക്കെ കാവ്യാത്മകമായി പറയാമെങ്കിലും, കുറെയൊക്കെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു പൊതുന്ദര്യബോധമുണ്ട്.
പെൺകുട്ടികളാണെങ്കിൽ വെളുത്തു മെലിഞ്ഞു കുറേ മുടി ഒക്കെ ആയി. എല്ലാ അവയവങ്ങളും ഒരു നിശ്ചിത അനുപാതത്തിൽ ആയി, പ്രസന്നമായ ഒരു മുഖം എന്നിങ്ങനെ.
ആണുങ്ങൾക്കാണെങ്കിൽ താടി സിക്സ്പാക്ക് മസിൽ എന്നിങ്ങനെ. ഇതിൽ പല വാരിയേഷൻസ് വ്യക്തിപരമായി ഉണ്ടാവാറുണ്ടെങ്കിലും പൊതുസൗന്ദര്യബോധമായി ഇന്നും നിലനിൽക്കുന്നത് ഏറെക്കുറെ ഇതൊക്കെത്തന്നെയാണ്.
പൊതുസൗന്ദര്യബോധത്തിന്റെ നിർമിതിയെക്കുറിച്ച് മോഹൻലാൽ ഒരു ഇന്റർവ്യൂവിൽ പറയുന്നത് ഒരുപക്ഷേ നിങ്ങളിൽ പലരും കണ്ടുകാണും.
ഇത്ര അഗ്ലി ഫേസ് ഉള്ള നിങ്ങളെ എങ്ങനെ ആളുകൾക്ക് ഇഷ്ടമായി എന്ന ആ അവതാരകയുടെ ചോദ്യത്തിൽ വളരെയധികം ഇറിറ്റേറ്റഡ് ആയെങ്കിലും മോഹൻലാൽ കൊടുത്ത ഉത്തരം വളരെ ശ്രദ്ധേയമായിരുന്നു.
ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടം ക്രമേണ എന്നോടായി. എന്റെ മുഖത്തൊടായി. കണ്ടുകണ്ടു പരിചയിച്ചു അവർക്കത് സൗന്ദര്യമായി മാറി.
സൗന്ദര്യം പലപ്പോഴും അങ്ങിനെയാണ്, പ്രേമം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന അവസ്ഥയിൽ തന്റെ കാമുകിയെ ഐശ്വര്യ റായിയേക്കാൾ സുന്ദരിയായി ഒരുവന് അനുഭവപ്പെടുന്നു.
26 വയസ്സായിട്ടും മുഖത്തു രോമം കിളിർക്കാത്ത കാമുകന് വിക്കി കൗശലിനെക്കാൾ പൗരുഷമുണ്ടെന്നു കാമുകിക്ക് തോന്നു.
പലരും പറയുന്നത് പോലെ മനസ്സിലെ സൗന്ദര്യം, ബാഹ്യസൗന്ദര്യം എന്നിങ്ങനെ വേർതിരിവ് ഉണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.
നമുക്ക് ഇഷ്ടം തോന്നുന്നവരുടെ എല്ലാ പ്രത്യേകതകളും നമുക്ക് സൗന്ദര്യമായിരിക്കും. അവളുടെ കട്ടപ്പല്ല്. മോണ കാണിച്ചു കൊണ്ടുള്ള ആ ചിരി.
അയാളുടെ ആ മെലിഞ്ഞ കൈകാലുകൾ, രോമം കിളിർക്കാത്ത മുഖം. അതൊക്കെ സൗന്ദര്യമാണ്. അതൊന്നുമില്ലാത്ത അവർ അവരല്ലാതാകും.
നമ്മൾ ഏറ്റവും കൂടുതൽ സൗന്ദര്യമുള്ളവരാകുന്നത് എപ്പോഴാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ അത് നമ്മൾ മേക്കപ്പ് ഇടുമ്പോഴല്ല മറിച്ച് നമ്മൾ ഏറ്റവും കൂടുതൽ സന്തോഷവാന്മാരായിരിക്കുമ്പോളാണ്.
അത് നമ്മൾ നമ്മളായിരിക്കുമ്പോഴാണ്, നമ്മളെ നമ്മളായിത്തന്നെ മറ്റുള്ളവർ അംഗീകരിക്കുമ്പോഴാണ്.
മനസ്സിനും ശരീരത്തിനും മൂടുപടങ്ങളില്ലാതെ നമുക്ക് നിൽക്കാൻ സാധിക്കുമ്പോഴാണ്. ഒരുറക്കത്തിൽ നിന്ന് എണീച്ച് വന്നു മുടിപോലും മാടിയൊതുക്കാതെ നിങ്ങളെ കാണുന്ന നിങ്ങളുടെ കാമുകിയുടെ ആത്മവിശ്വാസം നിങ്ങൾ കണ്ടിട്ടുണ്ടോ?
നീ ചിരിക്കുമ്പോൾ മോണ കാണുന്നത് വൃത്തികേടാണെന്ന് എല്ലാരും പറഞ്ഞതിൽപ്പിന്നെ നിയന്ത്രിച്ചു മാത്രം ചിരിക്കാറുള്ള നിങ്ങളുടെ കാമുകി സ്വയം മറന്ന് പൊട്ടിച്ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
ഇതൊന്നും കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ അശേഷം നിർഭാഗ്യവാനാണ്. മുകളിലെ കഥയിലെപ്പോലെ അവളുടെ കൂട്ടുകാർക്ക് പോലും കാണാൻ പറ്റുന്ന അവളുടെ സൗന്ദര്യം കാണാൻ സാധിക്കാതെ പോയ ഹതഭാഗ്യവാനാണ്.
മഞ്ജുവാര്യർ വളരെ സുന്ദരിയായിരിക്കുന്ന ഒരു ഫോട്ടോ ഇപ്പൊ ട്രെൻഡിങ്ങിൽ ആണല്ലോ. വളരെ മനോഹരമായ ഒരു ഫോട്ടോ തന്നെയാണത്, കണ്ടിരിക്കാൻ ഒരു സുഖവുമുണ്ട്.
പക്ഷേ അത് വളരെയധികം പേർക്ക് ആത്മവിശ്വസം പകർന്നു കൊടുക്കുന്ന ഒരു ഫോട്ടോയാണെന്ന അഭിപ്രായത്തോട് നല്ല വിയോജിപ്പുണ്ട്. ആത്മവിശ്വാസം എന്നതുണ്ട് നിങ്ങൾ എന്താണ് ഉദ്യേശിക്കുന്നത്?
അത്പോലെ ഗ്രേസ്ഫുൾ ആയാൽ ആത്മവിശ്വാസം വരുമെന്നോ? അതോ ആത്മവിശ്വാസം വരണമെങ്കിൽ അതുപോലെ ഗ്രേസ്ഫുൾ ആവണമെന്നോ?
സുന്ദരനോ, സുന്ദരിയോ ആയിരിക്കുക എന്നത് നല്ല കാര്യം തന്നെയാണ്. കാണുന്നവർക്കും അതൊരു സുഖകരമായ അനുഭവമാണ്.
പക്ഷേ അതിനെ ആത്മവിശ്വാസമായി കൂട്ടിക്കുഴക്കുമ്പോൾ പൊതുസൗന്ദര്യബോധപ്രകാരം ആവാൻ പറ്റാത്തവർക്ക് ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാക്കുകയല്ലേ അത് ചെയ്യുന്നത്. മഞ്ജു വാര്യർ പ്രചോദനമാകുന്നത് അവരുടെ തീരുമാനങ്ങളിലൂടെയാണ്.
കല്യാണം കഴിഞ്ഞതോടെ തന്റെ ജീവിതം തീർന്നു ഇനി സ്വപ്നങ്ങളെല്ലാം മറക്കാം എന്ന് വിചാരിച്ചിരുന്നവർക്ക് ഇനിയും സ്വപ്നം കാണാനും അത് യാഥാർഥ്യമാക്കാനും അവസരമുണ്ട് എന്ന് തെളിയിച്ചു കാണിച്ചു കൊടുക്കുന്നതുകൊണ്ടാണ്.
അതായിരിക്കണം പ്രചോദനം. അതൊരു ഫോട്ടോയെക്കാളൊക്കെ വളരെ വലുതാണ്. വളരെ വളരെ വലുത്.